ചെപ്പോക്കില്‍ ചെന്ന്, ചെന്നൈ സൂപ്പര്‍ കിങ്സിനെ 50 റണ്‍സിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. 197 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയ ബെംഗളൂരു, ചെന്നൈയെ, എട്ടുവിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സില്‍ ഒതുക്കി. 2008ന് ശേഷം ആദ്യമായാണ് ചെപ്പോക്കില്‍ ചെന്നൈയ്ക്കെതിരെ, ബെംഗളൂരു വിജയിക്കുന്നത്. ജോഷ് ഹേസല്‍വുഡ് മൂന്നുവിക്കറ്റ് വീഴ്ത്തി. ബെംഗളൂരുവിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണ്.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർ രചിൻ രവീന്ദ്രയാണു ചെന്നൈയുടെ ടോപ് സ്കോറർ. 31 പന്തുകൾ നേരിട്ട താരം 41 റൺസെടുത്തു പുറത്തായി. 99 റൺസെടുക്കുന്നതിനിടെ രചിൻ രവീന്ദ്രയുടേതുൾപ്പടെ ഏഴു ബാറ്റർമാരുടെ വിക്കറ്റുകൾ വീഴ്ത്താൻ ബെംഗളൂരു ബോളർമാർക്കു സാധിച്ചു. രാഹുൽ ത്രിപാഠി (അഞ്ച്), ഋതുരാജ് ഗെയ്ക്‌വാദ് (പൂജ്യം), ദീപക് ഹൂഡ (നാല്), സാം കറൻ (എട്ട്) തുടങ്ങിയ മുൻനിര ബാറ്റർമാർ ചെന്നൈയെ നിരാശപ്പെടുത്തി. 19 പന്തുകൾ നേരിട്ട രവീന്ദ്ര ജഡേജ 25 റൺസെടുത്തു. വാലറ്റത്ത് തകർത്തടിച്ച എം.എസ്. ധോണി 16 പന്തിൽ 30 റൺസുമായി പുറത്താകാതെനിന്നു. ബെംഗളൂരുവിനായി ജോഷ് ഹെയ്സൽവുഡ് മൂന്നും യഷ് ദയാല്‍, ലിയാം ലിവിങ്സ്റ്റൻ എന്നിവർ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആർസിബി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. അർധ സെഞ്ചറി നേടി പുറത്തായ ക്യാപ്റ്റൻ രജത് പാട്ടീദാറാണ് ബെംഗളൂരുവിന്റെ ടോപ് സ്കോറർ. 32 പന്തുകൾ നേരിട്ട താരം 51 റൺസെടുത്തു. ഫില്‍ സോൾട്ട് (16 പന്തിൽ 32), വിരാട് കോലി (39 പന്തിൽ 31) ദേവ്ദത്ത് പടിക്കൽ (14 പന്തില് 27) എന്നിവരാണ് ആർസിബിയുടെ മറ്റു പ്രധാന സ്കോറർമാർ.