ഞായറാഴ്ച നടന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ്– രാജസ്ഥാന്‍ റോയല്‍സ് മത്സരം ഐപിഎല്ലിലെ വെടിക്കെട്ടിന്‍റെ ഒരു പതിപ്പായിരുന്നു. ഒരു വേള 300 കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 286 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്. 242 റണ്‍സ് വരെ തിരിച്ചടിച്ചെങ്കിലും രാജസ്ഥാന്‍ പാതിവഴിയില്‍ വീണു.
മത്സരത്തില്‍ ഐപിഎല്ലിലെ രണ്ടാമത്തെ ഉയര്‍ന്ന ടീം ടോട്ടല്‍ സണ്‍റൈസേഴ്സ് പുതുക്കി പണിതു. 2024 ല്‍ കുറിച്ച 277 റണ്‍സായിരുന്നു നേരത്തെ രണ്ടാമത്ത ഉയര്‍ന്ന സ്കോര്‍. ഐപിഎല്ലിലെ ഉയര്‍ന്ന ടീം ടോട്ടലും സണ്‍റൈസേഴ്സിന്‍റെ പേരിലാണ്. 2024 ല്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെതിരെയാണ് സണ്‍റൈസേഴ്സ് 287 എന്ന റെക്കോര്‍ഡ് സ്കോര്‍ നേടിയത്.
എന്നാല്‍ ഇതിനെ മറികടക്കുന്ന പ്രകടനം ഈ സീസണില്‍ തന്നെ ഉണ്ടാകുമെന്ന് പ്രവചിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയില്‍ സ്റ്റെയ്ന്‍. ഏപ്രില്‍ 17 ന് ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി 300 റണ്‍സ് കടക്കുമെന്നാണ് സ്റ്റെയിന്‍ എക്സില്‍ എഴുതിയത്.
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരമാണ് 17 ന് നടക്കുന്നത്. 2024 സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 277 റണ്‍സാണ് സണ്‍ റൈസേഴ്സ് മുംബൈയ്ക്കെതിരെ അടിച്ചെടുത്തത്. 2013-2015 വരെ സണ്‍റൈസേഴ്സിന് വേണ്ടി കളിച്ച താരമാണ് സ്റ്റെയ്ന്‍.
ഐപിഎല്ലില്‍ ഏറ്റവും ഉയര്‍ന്ന സ്കോറില്‍ ആദ്യ മൂന്നും സണ്‍റൈസേഴ്സിന്‍റെ പേരിലാണ്. 2024 ല്‍ വിശാഖപട്ടണത്ത് ഡല്‍ഹി ക്യാ്പ്പിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയ 272 റണ്‍സാണ് നാലാമത്തെ ഉയര്‍ന്ന സ്കോര്‍. ട്വന്‍റി 20 ചരിത്രത്തില്‍ സണ്‍റൈസേഴ്സ് ഇതുവരെ നാല് തവണ 250 ന് മുകളില്‍ സ്കോര്‍ ചെയ്തിട്ടുണ്ട്.