ഐപിഎല്‍ 2025 സീസണിലെ ത്രില്ലര്‍ പോരായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സും ലക്നൗ സൂപ്പര്‍ ജെയ്ന്‍റ്സും തമ്മില്‍. ഡല്‍ഹിക്ക് അകലെയായിരുന്ന വിജയം അഷുതോഷ് ശര്‍മ തട്ടിയെടുക്കുമ്പോഴും ലക്നൗ ടീമിന് ജയിക്കാന്‍ അവസരം ഉണ്ടായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെ പിഴവാണ് മത്സരം കയ്യില്‍ നിന്നും പോകാന്‍ കാരണം.
മത്സരത്തിന്‍റെ ആവേശം മൊത്തത്തില്‍ ഉള്‍കൊണ്ട പന്തായിരുന്നു ഷഹ്ബാസ് അഹമ്മദ് എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത്. ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ് എന്ന നിലയിലായിരുന്നു ഡല്‍ഹി. കയ്യില്‍ ഒരു വിക്കറ്റും ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സും.
ഷഹ്ബാസ് അഹമ്മദിന്‍റെ ആദ്യ പന്ത് മോഹിത് ശര്‍മയ്ക്ക് നേരെ. കയറി വന്ന് സിംഗിളിനുള്ള മോഹിതിന്‍റെ ശ്രമം ബാറ്റില്‍ കൊണ്ടില്ല. കറങ്ങിവന്ന പന്ത് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ കയ്യില്‍ തട്ടി പുറത്തേക്ക് പോവുകയായിരുന്നു.
പന്ത് പാഡിൽ തട്ടുന്നുണ്ടോ എന്നതിലായിരുന്നു പന്തിന്‍റെ ശ്രദ്ധ. ഇതോടെ പന്ത് അപ്പീല്‍ നല്‍കിയെങ്കിലും അംപയർ ഔട്ട് അനുവദിച്ചില്ല. പന്തിന്‍റെ ഡിആർഎസ് അപേക്ഷയിലും ഫലമുണ്ടായില്ല. ബോൾ ട്രാക്കിങ് പ്രകാരം പന്ത് സ്റ്റമ്പിൽ നിന്ന് പുറത്തേക്കായിരുന്നു. ജയിക്കാനുള്ള അവസാന ശ്രമവും പന്ത് നഷ്ടപ്പെടുത്തി.
ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ഷാർദുൽ താക്കൂറിനെ പന്ത് കാര്യമായി ഉപയോഗിച്ചില്ലെന്നതാണ് മറ്റൊരു വിമര്‍ശനം. ജെയ്ക്ക് ഫ്രേസർ-മക്ഗുർക്കിന്റെയും അഭിഷേക് പോറലിന്റെയും വിക്കറ്റുകളാണ് താക്കൂര്‍ ആദ്യ ഓവറില്‍ വീഴ്ത്തിയത്. 2-2 എന്ന നിലയിലേക്ക് ഡൽഹി ക്യാപിറ്റൽസ് വീണെങ്കിലും താക്കൂര്‍ പിന്നീട് പന്തെറിയാനെത്തിയത് അഞ്ചാം ഓവറിലാണ്. അപ്പോഴേക്കും ബാറ്റിങില്‍ ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലും ഫാഫ് ഡ്യുപ്ലിസിയും ചേര്‍ന്ന് ഡല്‍ഹി സ്കോര്‍ 30 കടത്തിയിരുന്നു.
210 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരര്‍ന്ന ഡല്‍ഹിക്ക്, 31 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 66 റൺസുമായി പുറത്താകാതെ നിന്ന ഇംപാക്ട് പ്ലെയർ അശിതോഷ് ശർമയുടെ ‘ഇംപാക്ടാ’ണ് ആവേശജയം സമ്മാനിച്ചത്. ഒരു ഘട്ടത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഏഴു റൺസ് എന്ന നിലയിൽ നിന്നാണ്, അശുതോഷിന്റെ നേതൃത്വത്തിൽ ഡൽഹി തിരിച്ചടിച്ചത്. ഏഴാം വിക്കറ്റിൽ അശുതോഷ് – വിപ്‌രാജ് സഖ്യം 22 പന്തിൽ അടിച്ചുകൂട്ടിയ 55 റൺസ് ഡൽഹി വിജയത്തിൽ നിർണായകമായി.