Pant(AP Photo/Mahesh Kumar A.), Right (screengrab from x.com/GemsOfCricket)
ഐപിഎല്ലില്‍ സൂപ്പര്‍ താരം ഋഷഭ് പന്ത് തിളങ്ങാത്തതില്‍ നിരാശനായി നിയന്ത്രണം വിട്ട യൂട്യൂബ് ചാനല്‍ അവതാരകന്‍ ലൈവ് പരിപാടിക്കിടെ ടിവി തല്ലിപ്പൊട്ടിച്ച്, മേശയും മറിച്ചിട്ട് എഴുന്നേറ്റ് പോയി. ഇന്ത്യന്‍ സ്പോര്‍ട്സ് യൂട്യൂബ് ചാനലിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. ലക്നൗ ക്യാപ്റ്റനെ കുറച്ച് സംസാരിക്കാന്‍ തുടങ്ങിയതോടെ അവതാരകന്‍ ക്ഷുഭിതനാകാന്‍ തുടങ്ങി. 'ഐപിഎല്‍ നടക്കുകയാണ്. പന്തിന് അവസരം ലഭിച്ചു,പക്ഷേ എന്താണ് നടക്കുന്നതെന്ന് നോക്കൂ, പന്തിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് അയാള്‍ തെളിയിച്ചു കഴിഞ്ഞു. എന്ത് ക്യാപ്റ്റനാണിത്? ഇങ്ങനെയൊരു ക്യാപ്റ്റനെയല്ല നമുക്ക് വേണ്ടത്'- എന്നായിരുന്നു അവതാരകന്‍റെ വാക്കുകള്‍.പിന്നാലെ ടെലിവിഷന്‍ സ്ക്രീനിലേക്ക് കുപ്പിയെടുത്തെറിഞ്ഞ് പൊട്ടിക്കുകയും ഗ്ലാസ് ടേബിള്‍ മറിച്ചിടാന്‍ നോക്കുകയും ചെയ്തു. അവതാരകന്‍റെ പ്രവര്‍ത്തിയില്‍ ഞെട്ടിയിരിക്കുന്ന സഹപ്രവര്‍ത്തകരെയും വിഡിയോയില്‍ കാണാം.
Photo by Noah SEELAM / AFP
ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് തുകയ്ക്കാണ് പന്തിനെ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് സ്വന്തമാക്കിയത്. പന്തിന്‍റെ വെടിക്കെട്ട് ബാറ്റിങ് കാണാന്‍ കാത്തിരുന്നവര്‍ക്കാവട്ടെ കഴിഞ്ഞ രണ്ട് കളിയിലും നിരാശയായിരുന്നു ലഭിച്ചതും. 15 പന്തില്‍ നിന്ന് 15 റണ്‍സ് മാത്രമാണ് സണ്‍ റൈസേഴ്സിനെതിരെ പന്തിന് ഇന്നലെ നേടാനായത്. നിക്കോളാസ് പുരാന്‍റെയും മിച്ചല്‍ മാര്‍ഷിന്‍റെയും വെടിക്കെട്ട് ബാറ്റിങില്‍ ലക്നൗ ജയിച്ചു കയറിയെങ്കിലും പന്ത് ആരാധകര്‍ കടുത്ത നിരാശയിലായി.
രണ്ടക്കം കടന്ന ബാറ്റര്‍മാരില്‍ പന്തിന്‍റേതായിരുന്നു ഏറ്റവും മോശം സ്ട്രൈക്ക് റേറ്റും. ഐപിഎല്ലിന്‍റെ പതിനെട്ടാം സീസണില്‍ ഇതുവരെ 21 പന്തുകള്‍ നേരിട്ട പന്തിന്‍റെ ബാറ്റില്‍ നിന്ന് ആകെ പിറന്നത് ഒരേയൊരു സിക്സര്‍, ഫോറുകള്‍ പൂജ്യം. പന്തിന്‍റെ ക്യാപ്റ്റന്‍സിയും വിക്കറ്റ് കീപ്പിങും ഒട്ടും പോരെന്നും അതുകൊണ്ടാണ് ഡല്‍ഹിക്കെതിരെ തോറ്റുപോയതെന്നും ആരാധകര്‍ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്.
അതേസമയം, 191 റണ്‍സ് എന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലക്നൗവിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ മാര്‍ക്രത്തെ നഷ്ടമായി. പക്ഷേ രണ്ടാം വിക്കറ്റില്‍ അടിച്ച് കയറിത്തുടങ്ങിയ പുരാനും മിച്ചല്‍ മാര്‍ഷും ഹൈദരാബാദിന്‍റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. ആഞ്ഞടിച്ച പുരാന്‍ ഹൈദരാബാദ് ബോളര്‍മാരെ നിലം തൊടാന്‍ സമ്മതിച്ചതുമില്ല. രണ്ടാം വിക്കറ്റില്‍ 43 പന്തില്‍ നിന്ന് ഇരുവരും 116 റണ്‍ അടിച്ചുകൂട്ടി. ഒന്‍പതാം ഓവറില്‍ പാറ്റ് കമിന്‍സാണ് പുരാന്‍റെ വിക്കറ്റെടുത്തത്. 26 പന്തില്‍ നിന്ന് 70 റണ്‍സാണ് പുരാന്‍ അടിച്ചെടുത്തത്.