shardul-thakur-celebration
  • സ്വപ്നതുല്യം ഈ തിരിച്ചുവരവ്
  • കനല്‍വഴി താണ്ടി ഷാര്‍ദുല്‍ ഠാക്കുര്‍
  • ഐപിഎല്‍ ലേലത്തില്‍ അവഗണന, അപ്രതീക്ഷിത തിരിച്ചുവരവ്

ഐപിഎൽ ലേലത്തിൽ ആര്‍ക്കും വേണ്ടാതിരുന്ന ഇന്ത്യന്‍ താരം. നിരാശനായി തലകുനിച്ച അയാള്‍ക്കുമുന്നില്‍ അപ്രതീക്ഷിതമായി ഒരു വാതില്‍ തുറന്നു. അതിലേക്ക് ചുവടുവച്ച അയാള്‍ തന്നെ തള്ളിക്കളഞ്ഞവരോടും തള്ളിപ്പറഞ്ഞവരോടും മധുരമായി പകവീട്ടുകയാണ്. ഷാര്‍ദുല്‍ ഠാക്കൂറിന്‍റെ ആ പ്രതികാരമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച.

shardul-thakur

ഐപിഎല്‍ ലേലത്തില്‍ അവഗണിക്കപ്പെട്ടതിന്‍റെ നിരാശയില്‍ ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ടീമിലേക്ക് ഷാര്‍ദുലിന് അപ്രതീക്ഷിത വിളിയെത്തുന്നത്. പരുക്കേറ്റ മൊഹ്‍സിന്‍ ഖാന് പകരക്കാരനായാണ് ഷാര്‍ദുലിനെ ലഖ്നൗ വിളിച്ചത്. ടീമില്‍ ചേര്‍ന്നത് ഞായറാഴ്ച മാത്രം. എന്നാല്‍ ആദ്യ രണ്ടുമല്‍സരങ്ങളില്‍ ആറുവിക്കറ്റ് വീഴ്ത്തി ഷാര്‍ദുല്‍ താരലേലത്തില്‍ തന്നെ ശ്രദ്ധിക്കാതിരുന്നവരെയെല്ലാം അമ്പരപ്പിച്ചു.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ആദ്യമല്‍സരത്തില്‍ രണ്ട് പ്രധാനവിക്കറ്റുകള്‍. വ്യാഴാഴ്ച സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ തെറിപ്പിച്ച് പ്ലേയര്‍ ഓഫ് ദ് മാച്ച്! ലഖ്നൗവിന്‍റെ അഞ്ചുവിക്കറ്റ് വിജയത്തില്‍ നിര്‍ണായകമായത് ഷാര്‍ദുലിന്‍റെ പ്രകടനം തന്നെയെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായില്ല. ടൂര്‍ണമെന്‍റ് ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം അണിയുന്ന പര്‍പ്പിള്‍ ക്യാപ് ഇപ്പോള്‍ ഷാര്‍ദുലിന്‍റെ തലയിലാണ്.

ഈ സീസണില്‍ ഐപിഎല്ലില്‍ കളിക്കാന്‍ കഴിയുമെന്ന് കരുതിയിരുന്നോ എന്ന ചോദ്യത്തിന് ഷാര്‍ദുലിന്റെ മറുപടി ഇങ്ങനെ. ‘സത്യസന്ധമായി പറയട്ടെ, ഇല്ല. പക്ഷേ എനിക്ക് പദ്ധതികള്‍ ഉണ്ടായിരുന്നു. ഐപിഎല്ലില്‍ കളിക്കാന്‍ കഴിയാതെവന്നാല്‍ ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ പദ്ധതിയിട്ടിരുന്നു. രഞ്ജി ട്രോഫിയില്‍ കളിക്കുമ്പോള്‍ ലക്നൗ മെന്ററായ സഹീര്‍ ഖാന്‍ എന്നെ വിളിച്ചിരുന്നു. ലക്നൗ ടീമിലേക്ക് പകരക്കാരനായി വിളിക്കാന്‍ സാധ്യതയുണ്ട്. നിരാശപ്പെടരുതെന്നും തയാറായിരിക്കാനും അദ്ദേഹം പറഞ്ഞു. പകരക്കാരനായി വിളിക്കപ്പെട്ടാല്‍, ആദ്യ മല്‍സരം മുതല്‍ തന്നെ കളിപ്പിച്ചേക്കും എന്നും അദ്ദേഹം സൂചിപ്പിച്ചു.’ സഹീറിന്റെ വാക്കുകള്‍ പൊന്നായി.

‘ജീവിതത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ സാധാരണമാണ്. എന്റെ കഴിവുകളില്‍ എനിക്ക് എപ്പോഴും വിശ്വാസമുണ്ടായിരുന്നു.’ – ഷാര്‍ദുലിന്‍റെ പ്രതികരണത്തില്‍ എല്ലാമുണ്ട്. ഹൈദരാബാദിനെതിരായ മത്സരത്തില്‍ അഭിഷേക് ശര്‍മയെയും ഇഷാന്‍ കിഷനെയും നിസാര സ്കോറില്‍ പുറത്താക്കി. ആദ്യ മത്സരത്തില്‍ സെഞ്ചുറിയടിച്ച ഇഷാന്‍ കിഷന്‍ ആദ്യ പന്തിലാണ് ഠാക്കൂറിനുമുന്നില്‍ കീഴടങ്ങിയത്.

മിക്ക ടീമുകളും 200 റണ്‍സിനുമുകളില്‍ സ്കോര്‍ ചെയ്യുന്ന, ബാറ്റിങ് അനുകൂല പിച്ചുകളാണ് ഐപിഎല്ലില്‍ കൂടുതല്‍. ബൗളര്‍മാര്‍ക്കും നല്ല അവസരം ലഭിക്കുന്ന തരത്തില്‍ പിച്ചുകള്‍ സന്തുലിതമായിരിക്കണമെന്ന് ഷാര്‍ദുല്‍ പറയുന്നു.

ENGLISH SUMMARY:

Shardul Thakur's remarkable comeback has become a hot topic in the cricket world. After being overlooked in the IPL auction, Thakur was unexpectedly called up by the Lucknow Super Giants as a replacement for the injured Mohsin Khan. He made an immediate impact, taking six wickets in his first two matches, including a standout performance against Sunrisers Hyderabad. Thakur's confidence and belief in his abilities were key to his success, as he dominated with impressive wickets, including dismissing big names like Ishan Kishan. Despite his initial disappointment with the IPL, he had planned to play county cricket in England, but his performance has now placed him in the spotlight.