ഐപിഎല്‍ സീസണിലെ മൂന്നാം തോൽവിയിലേക്ക് ചെന്നൈയെ തള്ളിവിട്ട് ഡൽഹി ക്യാപിറ്റൽസ്. 184 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. ഡല്‍ഹിയിക്കു 25 റൺസിന്റെ ജയം. തുടര്‍ച്ചയായ മൂന്നാം മത്സരവും ജയിച്ച ഡൽഹി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി.
54 പന്തിൽ 69 റൺസെടുത്ത് പുറത്താകാതെനിന്ന വിജയ് ശങ്കർ ചെന്നൈയുടെ ടോപ് സ്കോററായി. 26 പന്തുകൾ നേരിട്ട എം.എസ്. ധോണി 30 റൺസടിച്ചു. മുന്‍നിര അതിവേഗം മടങ്ങിയതാണ് ചെന്നൈ സൂപ്പർ കിങ്സിനെ തോൽവിയിലേക്കു തള്ളിവിട്ടത്. രചിന്‍ രവീന്ദ്ര (മൂന്ന്), ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് (അഞ്ച്), ഡെവോൺ കോൺവേ (13) എന്നിവരുടെ വിക്കറ്റുകൾ 41 റൺസെടുക്കുമ്പോഴേക്കും ചെന്നൈയ്ക്ക് നഷ്ടമായിരുന്നു. ശിവം ദുബെയും (15 പന്തിൽ 18), രവീന്ദ്ര ജഡേജയും (രണ്ട്) വലിയ സ്കോറുകൾ കണ്ടെത്താതെ പുറത്തായത് ചെന്നൈയ്ക്കു ക്ഷീണമായി.
ടോസ് നേടി ബാറ്റു ചെയ്യാനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. കെ.എൽ. രാഹുൽ 51 പന്തിൽ 77 റൺസെടുത്തു പുറത്തായി. അഭിഷേക് പൊറേൽ (20 പന്തിൽ 33), അക്ഷർ പട്ടേൽ (14 പന്തിൽ 21), സമീർ റിസ്‍വി (15 പന്തിൽ 20), ട്രിസ്റ്റൻ സ്റ്റബ്സ് (12 പന്തിൽ 24) എന്നിവരാണ് ഡൽഹിയുടെ മറ്റു സ്കോറർമാര്‍.