തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയെ ജീവനെടുക്കാന്‍ പ്രേരിപ്പിച്ചത് സുഹൃത്തായ ഐ.ബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷിന്‍റെ വഞ്ചനയെന്ന് വീട്ടുകാരുടെ ആരോപണം. സുകാന്തിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം തെളിയിക്കാന്‍ തെളിവ് അന്വേഷിക്കുന്ന പൊലീസിന്‍റെ മുന്നില്‍ നിര്‍ണായകമായി മാറുകയാണ് സുകാന്തിന്‍റെ വാട്സാപ്പ് സന്ദേശം.
Read Also: ഗര്‍ഭഛിദ്രത്തിന് സുകാന്ത് കൂടെ ചെന്നില്ല; പോയത് മറ്റൊരാള്‍; തിരഞ്ഞ് പൊലീസ്
ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കുന്നതിന് ഏതാനും ദിവസം മുന്‍പ് സുകാന്ത് യുവതിയുടെ അമ്മയ്ക്ക് വാട്സാപില്‍ സന്ദേശമയച്ചു. 'വിവാഹമൊന്നും നടക്കില്ല, എനിക്ക് അതിന് താല്‍പര്യക്കുറവും ബുദ്ധിമുട്ടുമുണ്ട്. അത് അവളെ പറഞ്ഞ് മനസിലാക്കാന്‍ നിങ്ങള്‍ ശ്രമിക്കണം.' ഇതായിരുന്നു സുകാന്തിന്‍റെ സന്ദേശം.
ഈ മെസേജിന്‍റെ കാര്യം അമ്മ പിന്നീട് യുവതിയെ അറിയിച്ചു. ഇതോടെയാണ് യുവതി കടുത്ത നിരാശയിലായത്. ജീവനൊടുക്കിയതിന്‍റെ തലേദിവസം ഡ്യൂട്ടിക്കിടെ യുവതി പൊട്ടിക്കരഞ്ഞതായി സഹപ്രവര്‍ത്തകര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
അതിന് ശേഷം ഡ്യൂട്ടി കഴിഞ്ഞിറങ്ങിയാണ് യുവതി നേരെ റയില്‍വേ ട്രാക്കിലേക്ക് പോയതും ജീവനൊടുക്കിയതും. ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് നാല് തവണ സുകാന്തുമായി യുവതി സംസാരിച്ചിട്ടുണ്ട്. ഓരോ ഫോണ്‍ വിളിയും സെക്കന്‍ഡുകള്‍ മാത്രമാണ് നീണ്ടത്. വിവാഹബന്ധത്തില്‍ നിന്ന് പിന്‍മാറരുതെന്ന് അപേക്ഷിക്കാനാകും അവസാന നിമിഷവും യുവതി വിളിച്ചതെന്നും അത് കേള്‍ക്കാന്‍ പോലും സുകാന്ത് തയാറാകാത്തതാവും ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് സംശയിക്കുന്നു.