ഐപിഎല്ലില്‍ മുംബൈ വീണ്ടും തോറ്റപ്പോഴും മലയാളി താരം വിഘ്നേഷ് പുത്തൂരിന്‍റെ പ്രകടനം മലയാളി ആരാധകര്‍ക്ക് ആശ്വസിക്കാനുള്ളതായിരുന്നു. ഒരോവര്‍ എറിഞ്ഞ വിഘനേഷ് 10 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. മല്‍സരത്തിന്‍റെ 16-ാം ഓവറില്‍ വിഘ്നേഷ് പുത്തൂരിനെ പിന്‍വലിക്കാനുള്ള തീരുമാനം മുംബൈ ടീമിന് തിരിച്ചടിയായെന്ന് സൂചിപ്പിക്കുകയാണ് ബെംഗളൂരു റോയല്‍സ് ചലഞ്ചേഴ്സ് താരം വിരാട് കോലി.
എട്ടാം ഓവറിലാണ് വിഘനേഷ് പുത്തൂര്‍ മുംബൈയ്ക്കായി പന്തെറിയാന്‍ എത്തിയത്. ഈ ഓവറില്‍ വിരാട് കോലി– ദേവ്ദത്ത് പടിക്കല്‍ കൂട്ടുകെട്ട് പൊളിക്കാന്‍ വിഘ്നേഷിനായി. 22 പന്തില്‍ 37 റണ്‍സെടുത്ത പടിക്കലിനെയാണ് വിഘ്നേഷ് പുറത്താക്കിയത്. കോലി– പടിക്കല്‍ കൂട്ടുകെട്ട് 52 പന്തില്‍ 91 റണ്‍സാണ് നേടിയത്. എന്നാല്‍ പിന്നീട് വിഘ്നേഷിനെ പന്തെറിയാന്‍ നല്‍കാതിരുന്ന പാണ്ഡ്യ 16-ാം ഓവറില്‍ രോഹിത് ശര്‍മയെ ഇംപാക്ട് പ്ലെയറായി ഇറക്കി.
'മല്‍സരത്തിനിടെ അവരുടെ സ്പിന്നര്‍ പുറത്തുപോയി. ചൈനാമന്‍ ബൗളറെ സംബന്ധിച്ച് ബൗളിങ് ബുദ്ധിമുട്ടായിരുന്നു. അതുവഴി 20-25 റണ്‍സ് ലഭിച്ചു. വിക്കറ്റുകൾ വീഴാതിരുന്നപ്പോൾ അവരുടെ ഒരു സ്പിന്നർ കളിക്ക് പുറത്തുപോയി. അത് ടീമിന് ഒരു പ്രധാന ഘടകമായി മാറി. ചെറിയ ബൗണ്ടറികളുള്ള ഇവിടെ പേസ് ബൗളര്‍മാരെ നേരിടുക എളുപ്പമാണെന്ന് ഞങ്ങള്‍ക്കറിയമായിരുന്നു' എന്നാണ് കോലി പറഞ്ഞത്.
42 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സറും സഹിതം 67 റണ്‍സ് നേടിയ വിരാട് കോലിയാണ് ആര്‍സിബിയിലെ ടോപ്പ് സ്കോറര്‍. ഈ സീസണിലെ രണ്ടാം അര്‍ധ സെഞ്ചറിയോടെ ട്വന്‍റി 20 യില്‍ 13,000 റണ്‍സ് എന്ന നേട്ടത്തിലേക്ക് വിരാട് കോലി എത്തി. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരവും ലോകതാരങ്ങളില്‍ നാലാമനുമാണ് കോലി.