സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ട്രാവിസ് ഹെഡിന് പിന്നാലെ സെല്‍ഫിക്കായി കൂടി ആരാധകര്‍. ഹൈദരാബാദിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും സാധനം വാങ്ങുന്ന ഹെഡിന് പിന്നാലെ സെല്‍ഫി ചോദിച്ച് ശല്യപ്പെടുത്തുന്ന ആരാധകരുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 'നോ' എന്ന് പല തവണ ഹെഡ് മറുപടി നല്‍കിയെങ്കിലും താരത്തെ ഷൂട്ട് ചെയ്യുകയും തുടരെ സെല്‍ഫി ചോദിക്കുന്നതും വിഡിയോയില്‍ കാണാം.
ആദ്യം സെല്‍ഫിക്ക് ശ്രമിച്ച പെണ്‍കുട്ടി താരം നോ പറഞ്ഞതോടെ പിന്മാറി. വിഡിയോ ചിത്രീകരിച്ചയാള്‍ പിന്നാലെ കൂടി സെല്‍ഫി ആവശ്യപ്പെടുകയായിരുന്നു. അവഗണിച്ച് മുന്നോട്ട് പോയതോടെ താരത്തിന് അഹങ്കാരം എന്നാണ് വിഡിയോ ചിത്രീകരിച്ചയാള്‍ ഒടുവിൽ പറയുന്നത്. 'വലിയ അഹങ്കാകരം കാണിക്കുന്നു. 5-6 സെക്കന്‍റാണ് ഒരു ഫോട്ടോയ്ക്ക് ചോദിച്ചത്. താരത്തെ വലിയ ഇഷ്ടമാണ്.. എനിക്ക് പറ്റില്ലെന്ന് പറയുന്നു' എന്നാണ് വിഡിയോ ചിത്രീകരിച്ചയാള്‍ പറയുന്നത്.
സെല്‍ഫിക്ക് നിഷേധിച്ചതോടെ ഹെഡിന്‍റെ മനോഭാവത്ത ചൊല്ലി രണ്ടുതട്ടിലാണ് സോഷ്യല്‍മീഡിയ. ഒരു വിഭാഗം അഹങ്കാരിയെന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ സ്വകാര്യത മാനിക്കണമെന്നാണ് മറ്റൊരു കൂട്ടരുടെ വാദം. അതേസമയം ഈ സീസണില്‍ ബാറ്റിങില്‍ മികച്ച ഫോമിലല്ല ട്രാവിസ് ഹെഡ്. അഞ്ച് ഇന്നിങ്സില്‍ നിന്നായി 148 റണ്‍സാണ് ഹെഡ് നേടിയത്.
ഗുജറാത്ത് ടൈറ്റൻസിനോട് ഏഴ് വിക്കറ്റിന് തോറ്റതോടെ സീസണിലെ തുടർച്ചയായ നാലാം തോൽവിയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് വഴങ്ങുന്നത്.