ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ച് ബെംഗളൂരു എഫ്സി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബെംഗളൂരുവിന്‍റെ വിജയം. എട്ടാം മിനിറ്റിൽ മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഹോർഹെ പെരേര ഡയസാണ് ബെംഗളൂരുവിന് വേണ്ടി ഗോള്‍ നേടിയത്. പ്രീതം കോട്ടാലിന്റെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. ഗോള്‍കീപ്പര്‍ സോം കുമാറില്‍ നിന്നുള്ള പന്ത് ക്ലിയര്‍ ചെയ്യുന്നതിനു പകരം ഓടിയെത്തിയ ഡിയാസിനെ വെട്ടിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെ പ്രീതം കോട്ടാലില്‍ നിന്നും ഡിയാസ് പന്ത് റാഞ്ചി. ഡിയാസിന് മുന്നില്‍ പിന്നെ സോം കുമാര്‍ മാത്രം. തലയ്ക്ക് മുകളിലൂടെ പന്ത് ചിപ് ചെയ്ത് വലയില്‍. ഇതോടെ മല്‍സരത്തില്‍ തുടക്കത്തില്‍ തന്നെ ബെംഗളൂരു ലീഡെടുത്തു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിന്‍റെ ഒപ്പമെത്തി. ജെസൂസ് ഹിമെനെയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോള്‍ നേടിയത്. ക്വാമി പെപ്രയുടെ മുന്നേറ്റം തടയാൻ രാഹുൽ ഭെക്കെ നടത്തിയ ഫൗളാണ് ബ്ലാസ്റ്റേഴ്സിന് അനുകൂലമായ പെനൽറ്റിയിൽ അവസാനിച്ചത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് ഒപ്പത്തിനൊപ്പം. സീസണിൽ ബെംഗളൂരു എഫ്‍സി വഴങ്ങുന്ന ആദ്യ ഗോള്‍ കൂടിയാണിത്. പിന്നാലെ 74ാം മിനിറ്റില്‍ എഡ്ഗര്‍ മെന്‍ഡെസ് ബെംഗളൂരുവിനായി രണ്ടാം ഗോള്‍ നേടി. ആൽബർട്ടോ നൊഗ്വേരയെടുത്ത ഫ്രീകിക്ക് അനായാസം കൈപ്പിടിയിലാക്കാമെന്ന് സോം കുമാര്‍ കരുതുന്നതിനിടയിലാണ് ബെംഗളൂരുവിന്‍റെ ഗോള്‍. കൈയില്‍ നിന്ന് വഴുതിയ പന്ത് തൊട്ടുമുന്നിലുണ്ടായിരുന്ന എഡ്ഗാർ മെൻഡസ് അനായാസം വലയിലാക്കി.
സൂപ്പർതാരം നോഹ സദൂയിയെ കൂടാതെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയതെങ്കിലും സദൂയിയുടെ അസാന്നിധ്യം അറിയിക്കാത്ത പ്രകടനമായിരുന്നു കളത്തിൽ. തുടക്കത്തിൽ ബെംഗളൂരു മേധാവിത്തം പുലർത്തിയെങ്കിലും പിന്നാലെ ബ്ലാസ്റ്റേഴ്സ് തിരിച്ചടിക്കുകയായിരുന്നു. ബെംഗളൂരു രണ്ടാം ഗോളും വലയിലാക്കുകയും മത്സരം ഇൻജറി ടൈമിലേക്ക് കടക്കുകയും ചെയ്തതോടെ ഏതു വിധേനയും സമനില പിടിക്കുക മാത്രമായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം. അവസാന മിനിറ്റുകളിൽ ഉറപ്പിച്ച അര ഡസനോളം ഗോളവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾ നഷ്ടമാക്കിയത്. ഇതിനിടയിലാണ് വീണ്ടും ഡിയാസിന്‍റെ കാലില്‍ നിന്നും മൂന്നാം ഗോള്‍. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ തോൽവി പൂർണം.
സീസണിൽ ആറു കളികളിൽനിന്ന് ബെംഗളൂരുവിന്റെ അഞ്ചാം ജയമാണിത്. ഇതോടെ, ഒരു സമനില കൂടി ചേർത്ത് 16 പോയിന്റുമായി ബെംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു തന്നെയാണ്. ആറു കളികളിൽനിന്ന് രണ്ടാം തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് 8 പോയിന്റുമായി ആറാം സ്ഥാനത്ത് തുടരുന്നു.