കൊച്ചിയിൽ ഇന്ന് യെല്ലോ ആർമി ദി ബ്ലൂസിനെതിരെ ഇറങ്ങുന്നു. സീസണിൽ ഇതുവരെ പരാജയമറിയാത്ത ബംഗളൂരു എഫ്.സി ബ്ലാസ്റ്റേഴ്സിന് കനത്ത വെല്ലുവിളി ഉയർത്തുമെന്നുറപ്പ്. അവസാന മത്സരത്തിൽ പിന്നിലായ ശേഷം ജയം കൈവരിച്ച ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. മൊഹമ്മദൻസിനെതിരെ വിജയകരമായി പ്രാവർത്തികമാക്കിയ ഫാൾസ് നയൻ തന്ത്രവുമായി തന്നെയാകും സ്റ്റാറെ കൊച്ചിയിലും ബ്ലാസ്റ്റേഴ്സിനെ ഇറക്കുക. ബംഗളൂരു എഫ് സിക്ക് എതിരേ ശക്തമായ ടീം വരുമെന്നുറപ്പ് . എവേ മത്സരത്തിൽ പിന്നിൽ നിന്ന ശേഷം ജയിച്ചതിൻ്റെ ഊർജ്ജം ടീമിനുണ്ട്. ലൂണ കളി മെനയുമ്പോൾ, കളം നിറഞ്ഞ്, അധ്വാനിച്ചു കളിക്കുന്ന നോവ സദോയി തന്നെയാണ് ടീമിന്റെ മുതൽക്കൂട്ട്. പകരക്കാരനായെത്തുന്ന പെപ്രെയാകട്ടെ കളി വേഗം കൊണ്ട് കളി ഗതിതന്നെ തിരിച്ചുവിടുന്നു.
സ്റ്റാർട്ടിങ് ഇലവനിൽ ഇന്ന് നിർണായകമായ രണ്ടു മാറ്റങ്ങൾ ഉണ്ടായേക്കും. ഗോൾ കീപ്പർ സ്ഥാനത്തായിരിക്കും ആദ്യ മാറ്റത്തിന് സാധ്യത. മുഹമ്മദൻ എസ് സിക്ക് എതിരേ ഗോൾ വല കാത്ത സോം കുമാർ ബംഗളൂരുവിനെതിരേ ഇറങ്ങിയേക്കില്ല. പകരം ഒന്നാം നമ്പർ ഗോൾ കീപ്പറായ സച്ചിൻ സുരേഷ് ഗോൾ വലയ്ക്കു മുന്നിൽ എത്തും. സച്ചിന്റെ ഫിറ്റ്നസിനെ അടിസ്ഥാനമാക്കിയാവും ഇത്. മിഡ്ഫീൽഡിൽ ആയിരിക്കും രണ്ടാമത്തെ മാറ്റം. മുഹമ്മദ് അസറിനു പകരമായി ഡാനിഷ് ഫറൂഖ് ബട്ട് സ്റ്റാർട്ടിങ് ഇലവനിൽ ഇടം പിടിച്ചേക്കും. മുഹമ്മദൻ എസ് സിക്ക് എതിരേ ഡാനിഷ് ഫറൂഖ് പകരക്കാരുടെ ബെഞ്ചിൽ നിന്നായിരുന്നു കളത്തിൽ എത്തിയത്. കളി കൊച്ചിയിലാണെന്നത് ആരാധകർക്കും സന്തോഷമേകുന്നു. തോൽവിയറിയാതെയാണ് ബെംഗളൂരുവിൻ്റെ വരവ്. മുൻ സീസണിലെ വിവാദ ഗോളും, തർക്കങ്ങളുമൊക്കെയാകുമ്പോൾ കൊച്ചിയിൽ മൈതാനം തീ പിടിക്കും.