ഐപിഎല്‍ പതിനൊന്നാംപതിപ്പിലെ ആദ്യഅഞ്ചുവിക്കറ്റ് േനട്ടം സ്വന്തമാക്കി പഞ്ചാബ് താരം അങ്കിത് രാജ്പുത്. വെറും 14 റണ്‍സ് വിട്ടുകൊടുത്താണ് അങ്കിത് അഞ്ചുവിക്കറ്റുകള്‍ പിഴുതത്. അങ്കിത്തിന്റെ ട്വന്റി–20 കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്. പരാജയപ്പെട്ടെങ്കിലും ഹൈദരാബാദിനെ ചുരുങ്ങിയ സ്കോറില്‍ പിടിച്ചുകെട്ടിയത് അങ്കിതിന്റെ മാസ്മരിക പ്രകടനമാണ്

 

ആദ്യഓവറില്‍ ആദ്യഇര കഴുകന്‍മാരുടെ നായകന്‍ കെയ്ന്‍ വില്യംസണ്‍. ക്യാപ്റ്റനെ ഒരു റണ്‍പോലും എടുക്കാനനുവദിക്കാതെ അങ്കിത് മടക്കി. ഒരു മിന്നല്‍പ്പിണര്‍ സൃഷ്ടിക്കാനൊരുങ്ങിയ ശിഖര്‍ ധവാനെ സ്ലിപ്പില്‍ നിന്ന കരുണ്‍ നായരുടെ കൈകളിലേക്കേല്‍പ്പിച്ച് രാജ്പുത്ത് നയം വ്യക്തമാക്കി.

 

തീയുണ്ട വര്‍ഷിച്ച് അങ്കിത് പാഞ്ഞടുത്തപ്പോള്‍ ഹൈദരാബാദിന്റെ പേരുകേട്ട വമ്പന്‍നിര വിറച്ചുപോയി. അടുത്ത ഇര വൃദ്ധിമാന്‍ സാഹ. അതുകൊണ്ടും അവസാനിപ്പിച്ചില്ല രാജ്പുത്ത്. മോശം ഷോട്ടിന് ശ്രമിച്ച മുഹമ്മദ് നബിയെ മായങ്ക് അഗര്‍വാളിന്റെ കൈകളിലേല്‍പ്പിച്ചു.51 പന്തില്‍ നിന്ന് 54 റണ്‍സുമായി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ച മനീഷ് പാണ്ഡെയെ അവസാനഓവറില്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് പഞ്ചാബിന്റെ യുവരാജാവ് സീസണിലെ ആദ്യവിക്കറ്റ് നേട്ടം ആഘോഷമാക്കി.