ടീമംഗങ്ങള്‍ക്കും ആരാധകര്‍ക്കും വികാരനിര്‍ഭരമായ കത്തെഴുതിയാണ് ഇനിയെസ്റ്റ ദേശീയ കുപ്പായത്തോട് വിട പറഞ്ഞത്. 19 കൊല്ലത്തെ ഒരുപാട് നല്ല ഓര്‍മകളെ ചേര്‍ത്ത് പിടിച്ചായിരുന്നു വിടവാങ്ങൽ.
ഫ്യുന്റെല്‍ബില്ലെയിലെ തെരുവില്‍ പന്തുതട്ടി വളര്‍ന്ന ഞാന്‍ ഒരു സ്വപ്നം കണ്ടു. ചുവപ്പന്‍ ജഴ്സിയില്‍ രാജ്യത്തിനായി പന്തു തട്ടുന്നത്. കാത്തിരുന്ന എനിക്ക് കൗമാരത്തിന്റെ ആദ്യ പകുതിയില്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനില്‍ നിന്ന് വിളിയെത്തി. അങ്ങിനെ 15 വയസ്സുള്ള ഞാന്‍ സ്വപ്നങ്ങളുമായി മഡ്രിഡിലേക്ക്. പിന്നീട് 19 കൊല്ലം സ്പാനിഷ് ഫുട്ബോളിന്റെ വളര്‍ച്ചയും തളര്‍ച്ചയും കണ്ടാണ് ഞാന്‍ വളര്‍ന്നത്.
.എന്റെ ടീമിന്റെ കുതിപ്പില്‍ ഞാന്‍ ആനന്ദിച്ചു. തോറ്റപ്പോള്‍ കാളപ്പോരിലെ പോരാളിയാകാന്‍ ആഗ്രഹിച്ചു. സ്പെയിനിലെ ഏതൊരു ബാലനെപ്പോലെയും ചെറുപ്പത്തില്‍ ഞാനൊരു കിനാവ് കണ്ടിരുന്നു. കനകക്കിരീടത്തില്‍ ലാ റോജാസ് മുത്തമിടുന്ന കനകക്കിനാവ്. 2010ലെ ജോഹന്നാസ് ബര്‍ഗിലെ രാവില്‍ അന്ന് കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമായപ്പോള്‍ ഞാനേറെ സന്തോഷിച്ചു. ടീമിനൊപ്പമുള്ള 19 കൊല്ലത്തെ യാത്ര അവസാനിപ്പിക്കാന്‍ സമയമായി. എനിക്ക് പിന്നില്‍ ഒരു തലമുറ കാത്തിരിക്കുന്നുണ്ട്. വഴിമാറുന്നു. നന്ദി റൗള്‍, വഴികാട്ടിയതിന്, നന്ദി പുയോള്‍, ചാവി, ഒപ്പം നിന്നതിന്.