ചരിത്രത്തിലേക്ക് പന്തുരുളുകയാണ്. ഗ്യാലറികളും മൈതാനങ്ങളും ആവേശത്തിര നിറയ്ക്കുമ്പോള്‍ അതിനൊത്ത് നൃത്തം ചെയ്യുകയാണ് ലോക ഫുട്ബോള്‍ പ്രേമികള്‍. കാല്‍പ്പന്തുപൂരത്തില്‍ വമ്പന്‍മാര്‍ കളംമാറിയപ്പോള്‍ അരങ്ങത്തും അണിയറയിലും കുഞ്ഞ് രാജ്യക്കാരാണ്. എന്നാല്‍ ലോകത്തോളം പോന്ന സ്വപ്നങ്ങള്‍ക്ക് പിന്നാലെ പാഞ്ഞ് വിജയം കൊയ്തെടുക്കുമ്പോള്‍‌ രാജ്യത്തിന്റെ പ്രഥമ വനിത എങ്ങനെ ആഘോഷിക്കാതിരിക്കും. 

ക്വാര്‍ട്ടറില്‍ ആതിഥേയരായ റഷ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് ക്രൊയേഷ്യ ചരിത്രത്തിലേക്ക് പന്തുതട്ടിയപ്പോള്‍ ടീമിന് ഊര്‍ജമാവുകയായിരുന്നു രാജ്യത്തിന്‍റെ ആദ്യ വനിതാ പ്രസിഡന്‍റായ കൊളിന്‍ഡ. ആവേശം കൊണ്ട് നൃത്തം ചെയ്യുന്ന പ്രസിഡന്റാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് താരം.

ക്രൊയേഷ്യന്‍ ടീമിലെ പന്ത്രണ്ടാം താരമെന്നാണ് കൊളിന്‍ഡയ്ക്ക് നല്‍കുന്ന വിശേഷണം. ലോകകപ്പില്‍ 1998ന് ശേഷം ക്രൊയേഷ്യ സെമിയിലെത്തിയപ്പോള്‍ കൊളിന്‍ഡ ടീമിന് കരുത്തായി അവര്‍. വിഐപി ലോഞ്ചില്‍ മറ്റ് അതിഥികള്‍ക്കൊപ്പമിരുന്ന് ഫുട്ബോള്‍ ആവേശത്തിലും ടീമിനൊപ്പവും പ്രസിഡന്റ് നിറഞ്ഞുനിന്നു. ആരാധകര്‍ക്കൊപ്പം ഓരോ സെക്കന്‍ഡിലും ആര്‍ത്തിരമ്പുകയായിരുന്നു അവര്‍. ഇത്രത്തോളം മറ്റേത് പ്രസിഡന്‍റിന് സ്വന്തം ടീമിനെ പ്രാല്‍സാഹിപ്പിക്കാനാകും എന്നാണ് ചോദ്യം