ഒരു മീശയും ലോകകപ്പും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്ന് ഫ്രാൻസ് പറയും. ആദിൽ റാമിയുടെ മീശയാണ് ഇപ്പോൾ ഫ്രാൻസിലെ താരം. റാമിയുടെ പിരിച്ചുവെച്ച മീശയാണ് റഷ്യൻ ലോകകപ്പിൽ തങ്ങളുടെ 'ഭാഗ്യദേവത' എന്നാണ് ഫ്രാൻസ് പറയുന്നത്.
ലോകകപ്പിൽ ഒറ്റ കളിക്കുപോലും ഫ്രാൻസ് നിരയിൽ റാമി ഇറങ്ങിയില്ല. പക്ഷേ റാമിയുടെ ഈ പിരിച്ചുവെച്ച മീശ തൊട്ടിറങ്ങിയാൽ വിജയം ഉറപ്പാണെന്നാണ് ഗ്രീസ്മാൻ ഉൾപ്പെടെയുള്ള താരങ്ങളുടെ വിചിത്രമായ വിശ്വാസം.
റാമിയുടെ മീശയാണ് ചരിത്രത്തിലെ രണ്ടാം വിശ്വകിരീടം ഫ്രാൻസിന് നേടിക്കൊടുത്തതെന്ന് ഇവര്‍ വിശ്വസിക്കുന്നു. കളത്തിലിറങ്ങും മുൻപ് ഗ്രീസ്മാൻ ഉൾപ്പെടെയുള്ള താരങ്ങൾ റാമിയുടെ മീശയിൽ കൈതൊട്ടു.
98 ലോകകപ്പ് വിജയത്തിനും ഫ്രാൻസ് ഇത്തരമൊരു വിശ്വാസത്തിനോടാണ് കടപ്പെട്ടിരിക്കുന്നത്. ഗോൾകീപ്പർ ഫാബിയൻ ബർതെയ്സിന്റെ മൊട്ടത്തലയിൽ വിശ്വസിച്ച ഫ്രാൻസിന് തെറ്റിയില്ല. ബർതെയ്സിന്റെ മൊട്ടത്തലയിൽ ഉമ്മ വെച്ചിറങ്ങിയാൽ തോൽക്കില്ലെന്ന വിശ്വാസം ലോറന്റ് ബ്ലാങ്കിനുണ്ടായിരുന്നു.
‘ഫ്രാൻസിലെ ഏറ്റവും പ്രശസ്തമായ മീശയാണ് ഇപ്പോൾ എന്റേത്. അത് നിലനിർത്തും’, റാമി പറയുന്നു. മീശ നിലനിർത്തുമെന്ന് പറഞ്ഞെങ്കിലും ഫ്രാൻസ് ടീമിൽ ഇനി റാമിയുണ്ടാകില്ല. ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെയായിരുന്നു റാമിയുടെ വിരമിക്കൽ പ്രഖ്യാപനം.