ദക്ഷിണേന്ത്യയിലെ ആദ്യ ഹൈ ആള്‍ട്ടിറ്റ്യൂഡ് സ്റ്റേഡിയമായ വയനാട് കൃഷ്ണഗിരി രഞ്ജി ട്രോഫിയുടെ ആരവങ്ങളിലേക്ക്. കേരളം – ഗുജറാത്ത് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരം ഈ മാസം പതിനഞ്ചിന് തുടങ്ങും. ഗുജറാത്ത് നിരയില്‍ ഇന്ത്യന്‍ താരങ്ങളായ പീയൂഷ് ചൗള, പാര്‍ഥിവ് പട്ടേല്‍, അക്സര്‍ പട്ടേല്‍ എന്നിവരുടെ സാന്നിധ്യം ക്രിക്കറ്റ് പ്രേമികള്‍ക്ക് വിരുന്നാകും.
കൃഷ്ണഗിരിയില്‍ നേരത്തെയും രഞ്ജി ട്രോഫി മല്‍സരം നടന്നെങ്കിലും ആദ്യമായിട്ടാണ് ഒരു നോക്കൗട്ട് മല്‍സരത്തിന് വേദിയാകുന്നത്. ഹിമാചല്‍ പ്രദേശിനെ അവരുടെ തട്ടകത്തില്‍പ്പോയി തകര്‍ത്താണ് കേരളം ക്വാര്‍ട്ടറില്‍ കടന്നത്.
തുടര്‍ച്ചയായി രണ്ടാം തവണയാണ് കേരളം ക്വാര്‍ട്ടര്‍ പ്രവേശം. കേരളത്തിന്റെ ഫോമും ഗുജറാത്ത് നിരയില്‍ ഇന്ത്യന്‍ താരങ്ങളായ പീയൂഷ് ചൗള, പാര്‍ഥിവ് പട്ടേല്‍, അക്സര്‍ പട്ടേല്‍ എന്നിവരുടെ സാന്നിധ്യവും വയനാട്ടിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് വിരുന്നാകും.
താരങ്ങള്‍ നാളെയോടെ മൈതാനത്തെത്തും.
വയനാട്ടിലെ നിലവിലെ അന്തരീക്ഷം മല്‍സരത്തിന്റെ ആദ്യ മണിക്കൂറുകളില്‍ പേസ് ബൗളിങിന് സഹായകമാകുമെന്നാണ് കരുതുന്നത്. ഒരുക്കങ്ങളെല്ലാം പുരോഗമിക്കുകയാണ്. അണ്ടര്‍ പതിനാറ് വിജയ് മര്‍ച്ചന്റ് ട്രോഫി ടൂര്‍ണമെന്റിലെ കേരളത്തിന്റെ മൂന്നു മല്‍സരങ്ങള്‍ ഇക്കുറി കൃഷ്ണഗിരിയില്‍ നടന്നിരുന്നു.
ഇതിന്റെ നല്ല നടത്തിപ്പും കൃഷ്ണഗിരിക്ക് ഗുണം ചെയ്തു. ഫെബ്രുവരിയില്‍ ഇംഗ്ലണ്ട് എ ടീമും ഇന്ത്യ എ ടീമും തമ്മിലുള്ള ചതുര്‍ദിന മല്‍സരത്തിന്റെ വേദിയും ഇവിടെയാണ്.