മെൽബൺ: ആഷസ് പരമ്പരയ്ക്കുശേഷം ഔദ്യോഗിക തിരക്കുകൾ മാറ്റിവച്ച് മൂന്നു മാസം വിശ്രമിക്കാനുള്ള തീരുമാനത്തിന്റെ തുടർച്ചയായാണ് ഷെയ്ൻ വോൺ തായ്‌ലൻഡിലെത്തിയതെന്ന് വെളിപ്പെടുത്തൽ. അദ്ദേഹത്തിന്റെ മാനേജർ ജയിംസ് എർസ്കിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാലു സുഹൃത്തുക്കൾക്കൊപ്പമായിരുന്നു വോണിന്റെ തായ്‌ലൻഡ് സന്ദർശനം. തായ്‍ലൻഡിലെത്തി ഒരു ദിവസം പിന്നിടും മുൻപേ വോൺ മരണത്തിനു കീഴടങ്ങിയെന്നാണ് വെളിപ്പെടുത്തൽ.
മരിക്കുന്നതിന്റെ തൊട്ടു തലേന്നാണ് വോണും സംഘവും തായ്‍ലൻഡിലെത്തിയതെന്ന് എർസ്കിൻ വ്യക്തമാക്കി. പിറ്റേന്ന് അഞ്ച് മണിക്കു പുറത്തുപോകാമെന്ന് സുഹൃത്തുക്കളോട് പറഞ്ഞശേഷമാണ് വോൺ സ്വന്തം റൂമിലേക്കു പോയത്. എന്നാൽ, 5.15 ആയിട്ടും പുറത്തു കാണാത്തതിനെ തുടർന്ന് അന്വേഷിച്ചു ചെന്നുവെന്ന് എർസ്കിൻ പറഞ്ഞു.
‘വേഗം വരൂ, സമയം വൈകി’ എന്ന് പറഞ്ഞ് സുഹൃത്തുക്കളിലൊരാൾ വോണിന്റെ മുറിയുടെ വാതിലിൽ മുട്ടി. എന്നിട്ടും തുറക്കാതെ വന്നതോടെ അരുതാത്തതെന്തോ സംഭവിച്ചുവെന്ന് തോന്നി. വാതിൽ തള്ളിത്തുറന്ന് അകത്തു ചെന്നപ്പോൾ ബോധമില്ലാതെ നിലത്തു കിടക്കുകയായിരുന്നു വോൺ. ഉടൻ തന്നെ സിപിആർ കൊടുത്തെങ്കിലും ഫലമുണ്ടായില്ല’ – എർസ്കിൻ വിശദീകരിച്ചു.
20 മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അവിടെ എത്തിയപ്പോഴേക്കും താരം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.