Sanju-Samson-Story

‘കളിക്കുന്നത് രാജസ്ഥാനാണെങ്കിലും കപ്പ് കേരളത്തിനുള്ളതാ’– കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഹിറ്റായ പ്രധാനപ്പെട്ട ഐപിഎൽ ട്രോളുകളിൽ ഒന്ന് ഇങ്ങനെയായിരുന്നു. മലയാളികൾക്ക് കാര്യമായ അവസരം പോലും ലഭിക്കാത്ത ഐപിഎൽ പോലെയുള്ള ഒരു വലിയ മാമാങ്കത്തിൽ സഞ്ജു സാംസൺ എന്ന മലയാളിയിലൂടെ രാജസ്ഥാൻ റോയൽസ് എന്ന ടീമിന്റെ നായകനിലൂടെ ഒരു മലയാളി ക്യാപ്റ്റൻ കിരീടം ഉയർത്തുന്നതു കാണാനുള്ള ആഗ്രഹം കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്കു മുഴുവനുണ്ട്. അതുകൊണ്ടുതന്നെ മലയാളി ക്രിക്കറ്റ് ആരാധകരുടെ മുഴുവൻ പിന്തുണയും ഇന്ന് രാജസ്ഥാന് ആകുവാൻ തന്നെയാണ് സാധ്യത. കാരണം മലയാളി എന്ന ഒരൊറ്റവികാരം മാത്രം. വിഡിയോ കാണാം.

ഇനി ഈ ഐപിൽ ഫൈനലിൽ രാജസ്ഥാൻ ജയിച്ചാലും തോറ്റാലും ക്രിക്കറ്റ് ആരാധകർക്ക് സഞ്ജു ഹീറോ തന്നെയായിരിക്കും. കാരണം വേറെ ഏത് മലയാളിയാണ് ഐപിഎല്‍ പോലൊരു ലോകത്തിലെ എല്ലാ പ്രമുഖ ക്രിക്കറ്റ്താരങ്ങളും പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ നായകനായിട്ടുള്ളത്? കൊച്ചി ടസ്കേഴ്സിന് ശേഷം കേരളക്കരയ്ക്ക് സ്വന്തമായി ഒരു ഐപിഎൽ ടീമില്ലെങ്കിലും ഭൂരിപക്ഷം മലയാളികൾക്കും രാജസ്ഥാൻ സ്വന്തം ടീമാകുവാൻ കാരണം സഞ്ജു സാംസൺ തന്നെയാണ്. പാടത്തും വരമ്പത്തും ക്രിക്കറ്റ് കളിച്ചു നടക്കുന്ന സാധാരണക്കാരായ കുട്ടികൾക്ക് ക്രിക്കറ്റിന്റെ വലിയ അവസരങ്ങളിലേക്ക് സ്വപ്നം കാണാൻ പഠിപ്പിച്ചതും അത് കാണിച്ചു തന്നുകൊണ്ടിരിക്കുന്നതും ഈ മലയാളി തന്നെയാണ്. അതുകൊണ്ട് തന്നെ രാജസ്ഥാൻ ജയിച്ചാലും തോറ്റാലും സഞ്ജു ഹീറോ തന്നെയായിരിക്കും. 

സഞ്ജുവിന്റെ ക്യാപ്റ്റന്‍സിക്കെതിരേ പല വിമര്‍ശനങ്ങൾ ഉയരുമ്പോഴും ടീമിനെ ഫൈനൽ വരെയെത്തിക്കുവാൻ സഞ്ജുവിന് സാധിച്ചത് ഒരു ചെറിയ കാര്യമല്ല. അതും നായകനായ രണ്ടാം സീസണിൽ തന്നെ. ഷെയിൻ വോണിന് ശേഷം സാക്ഷാൽ രാഹുൽ ദ്രാവിഡിനും സ്റ്റീവ് സ്മിത്തിനും അജിൻക്യ രഹാനയ്ക്കും സാധിക്കാത്ത കാര്യമാണ് തന്റെ നായക മികവുകൊണ്ടും ടീം സ്പിരിറ്റുകൊണ്ടും സഞ്ജു ഇപ്പോൾ കാണിച്ചുതന്നിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വീണ്ടും വീണ്ടും പറയുന്നത്  ജയിച്ചാലും തോറ്റാലും മലയാളികൾക്ക്സ ഞ്ജു ഹീറോ തന്നെയായിരിക്കും.

‘മറ്റു ടീമുകളിൽ നിന്നു ഓഫർ വന്നിരുന്നു. തീരുമാനം എന്റേതായിരുന്നു. വലിയ ടീമിനൊപ്പം പോയി കപ്പ് അടിക്കുന്നതിനെക്കാൾ രാജസ്ഥാനെ പോലുള്ള ഒരു ടീമിന് കപ്പ് നേടിക്കൊടുക്കാൻ സാധിച്ചാൽ അതാണ് എനിക്കു സന്തോഷം.' ബേസിൽ ജോസഫുമായിട്ടുള്ള രസകരമായ ഒരു ഇന്റർവ്യൂവിൽ സഞ്ജു പറഞ്ഞ വാക്കുകളാണിത്. ഒരു ടീം എന്നതിൽ ഉപരി രാജസ്ഥാ‍ൻ റോയൽസ് ഒരു വികാരമാണെന്നു  സഞ്ജുവിന്റെ ഈ വാക്കുകളിൽ നിന്നു വായിച്ചെടുക്കാം. മുൻപ് 2012ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ കിരീടം ചൂടിയപ്പോൾ ആ ടീമിന്റെ ഭാഗമായി സഞ്ജുവും ഉണ്ടായിരുന്നു. ആ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. അവിടെ നിന്നും ഈ സീസണിൽ കപ്പുയർത്തുന്ന നായകനായി സഞ്ജുവിനെ മലയാളികൾ സ്വപ്നം കാണുകയാണ്. 

സീസണിൽ ഉടനീളം ക്യാപ്റ്റൻസിയുടെ പേരിൽ തട്ടും തലോടലും ഒരുപോലെ ഏറ്റുവാങ്ങേണ്ടിവന്ന താരമാണ് സഞ്ജു. മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കറും ആകാശ് ചോപ്രയുമായിരുന്നു സഞ്ജുവിന്റെ പ്രധാന വിമർശകൻ. എന്നാൽ മറുവശത്ത് മുൻ വെസ്റ്റിൻഡീസ് താരം ഇയാൻ ബിഷപ് ഉൾപ്പെടെയുള്ളവർ സഞ്ജുവിന് പിന്തുണയുമായി എത്തി. പല പ്രമുഖരും രൂക്ഷമായ ഭാഷയില്‍ പലപ്പോഴും സഞ്ജുവിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയപ്പോഴും വളരെ കൂളായിട്ട് തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്. ബാറ്റിങ്ങിൽ സ്ഥിരത പുലർത്തുന്നില്ലെന്നതായിരുന്നു സഞ്ജുവിനെതിരായ പ്രധാന വിമർശനം. ടീമിലെ ബാറ്റിങ് ഓർഡർ അടിക്കടി മാറ്റുന്നത് ടീമിനെ ദോഷകരമായി ബാധിക്കുമെന്നു പലരും ചൂണ്ടിക്കാട്ടി. എന്നാൽ ആ തീരുമാനം പലഘട്ടത്തിലും വിജയത്തിൽ നിർണായകമായെന്ന് ഗ്രൂപ്പ് സ്റ്റേജിലെ മത്സരങ്ങൾ തെളിയിച്ചു.

സാഹചര്യത്തിനനുസരിച്ച് ബാറ്റ് ചെയ്യുന്നില്ലെന്നായിരുന്നു സഞ്ജുവിനെതിരെ ഉയർന്ന മറ്റൊരു വിമർശനം. അതിനു സഞ്ജു നൽകിയ മറുപടി ഇപ്രകാരമാണ് ‘കുറേ റൺസ് സ്കോർ ചെയ്യാനല്ല ഞാൻ വന്നത്. ടീമിനു ഉപകാരപ്പെടുന്ന കുറച്ചു റൺസ്, അത് കൃത്യസമയത്ത് നേടണം. അത്രമാത്രം’. ബട്‌ലർ റൺസ് കണ്ടെത്താൻ വിഷമിച്ചിരുന്ന പല സന്ദർഭങ്ങളിലും സഞ്ജു നടത്തിയ സാംപിൾ വെടിക്കെട്ടുകളാണ് ടീമിന്റെ റൺ റേറ്റ് താഴെപ്പോകാതെ കാത്തത്. വിക്കറ്റിനു പിന്നിൽ നിന്നു തെല്ലു നാണം കലർന്ന ശരീരഭാഷയോടെ തീരുമാനങ്ങളെടുക്കുന്ന ‘കൂൾ’ ക്യാപ്റ്റനാണു മലയാളി താരം. സ്വന്തം തീരുമാനങ്ങൾ ഫലിച്ചാലും പിഴച്ചാലും തിരിച്ചറിയാൻ പ്രയാസമുള്ളൊരു ചെറുപുഞ്ചിരിയിൽ ഒതുങ്ങി നിൽക്കും ആ മുഖഭാവം. അവസാന ലീഗ് മത്സരത്തിൽ ചെന്നൈയുടെ ബാറ്റിങ് ആളിക്കത്തലിനു തടയിട്ടതും രണ്ടാം ക്വാളിഫയറിൽ മാക്സ്‌വെലിനെ വീഴ്ത്തിയ ബോളിങ് മാറ്റവും മിന്നും ഫോമിലുള്ള ചെഹലിലൂടെ ഓവറുകളിൽ ഒരുക്കിയ കെണികളുമെല്ലാം റോയൽസിന്റെ ഗതി നിർണയിച്ച ‘ഹോട്ട്’ തീരുമാനങ്ങളായി സഞ്ജുവിന്റെ തൊപ്പിയിലുണ്ട്.

അനാവശ്യ വിവാദങ്ങളോട് എന്നും അകലം പാലിക്കുവാനും സഞ്ജു ശ്രമിക്കാറുണ്ട്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍പോലും അദ്ദേഹത്തിന് നിയന്ത്രണം നഷ്ടപ്പെടാറില്ല. രാജസ്ഥാന്‍ റോയല്‍സ് നായകനായിരിക്കുമ്പോള്‍ നിര്‍ണ്ണായക സമയത്ത് സഹതാരങ്ങള്‍ക്ക് പിഴവ് സംഭവിക്കുമ്പോഴും ദേഷ്യപ്പെടാതെ സഞ്ജു കൂടുതലും അവരെ പിന്തുണക്കാനാണ് ശ്രമിക്കാറ്. പല നായകന്മാര്‍ക്കും സാധിക്കാത്ത കാര്യമാണിത്.

പ്രതിഭാസമ്പത്തുള്ള ബാറ്റർ എന്ന നിലയിൽ നിന്നും പയറ്റിത്തെളിഞ്ഞ ക്രിക്കറ്റർ എന്ന വിലാസത്തിലേക്കുള്ള സഞ്ജുവിന്റെ മെയ്ക്ക് ഓവറിന്റേതു കൂടിയാണ്  രാജസ്ഥാനെ ഫൈനലിലേക്കു നയിച്ച ഈ സീസൺ. കെ.എൽ.രാഹുൽ മുതൽ ഹാർദിക് പാണ്ഡ്യ വരെ നീളുന്ന യുവനായകന്മാർക്കിടയിൽ സഞ്ജുവിനെ വേറിട്ടു നിർത്തുന്ന നായകമികവിന്റെ കൊടിയടയാളങ്ങളേറെയുണ്ട് റോയൽസിന്റെ മുന്നേറ്റത്തിൽ. സ്വന്തം നേട്ടങ്ങളെക്കാളുപരി ടീമിന്റെ നേട്ടത്തിനു പരിഗണന നൽകിയെന്ന ഒറ്റക്കാര്യത്തിലുണ്ട് സഞ്ജുവെന്ന ക്യാപ്റ്റന്റെ ക്യാരക്ടർ.

ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ടീം ഇന്ത്യൻ എൻട്രി കൂടി ലക്ഷ്യമിട്ടു ജഴ്സിയണിയുന്നവരേറെയുണ്ട് ഈ ഐപിഎലിൽ. ബാറ്റ് കൊണ്ടു കരുത്തു തെളിയിക്കാൻ ക്യാപ്റ്റനെന്ന നിലയിൽ വേണ്ടുവോളം അവസരമുണ്ടായിട്ടും ബാറ്റിങ് ഓർഡറിൽ സ്വയം ‘പ്രമോട്ട്’ ചെയ്യാനോ സ്കോറിങ് റേറ്റിനെ മറന്നു ‘ആങ്കർ’ ചെയ്യാനോ സഞ്ജു നിന്നില്ല. സ്വന്തം റൺസിനോ വിക്കറ്റിനോ  അമിതപ്രാധാന്യം നൽകാതെ ടീമിന്റെ ആവശ്യം മുൻനിർത്തി ബാറ്റ് ചെയ്തതിലൂടെ സ്ഥിരതയുടെ പേരിൽ പഴി കേട്ടിരിക്കാം. പക്ഷേ, മത്സരത്തിൽ  ‘ഇംപാക്ട്’ സൃഷ്ടിക്കുന്ന ബാറ്റർ എന്ന നിലയ്ക്കു കേരള താരം നേടിയെടുത്ത സൽപേരിനു മുന്നിൽ ശതകങ്ങളും ശരാശരികളുമെല്ലാം മാറി നിൽക്കും.

16 മത്സരങ്ങളിൽ നിന്നു 147.5 എന്ന സ്ട്രൈക്ക് റേറ്റിൽ 444 റൺസാണു സഞ്ജു ഈ സീസണിൽ നേടിയത്. റൺവേട്ടയിൽ ലീഗിലെ ആദ്യ പത്തിനുള്ളിൽ സഞ്ജുവുണ്ട്. സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിൽ ആദ്യ അഞ്ചിലുമുണ്ട്.എന്നിട്ടും ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് സഞ്ജു തഴയപ്പെട്ടു. പക്ഷെ 'ഇതൊക്കെ എന്ത്' എന്ന ഭാവത്തിൽ അതൊന്നും തന്നെ ബാധിക്കില്ല എന്ന രീതിയിലാണ് സഞ്ജു നിലപാട് എടുത്തത്. ഇത് പല യുവതാരങ്ങള്‍ക്കും സാധ്യമായിട്ടുള്ള കാര്യമല്ല. ഇന്ത്യന്‍ ടീം സ്ഥാനം സ്വപ്‌നം കണ്ടല്ല സഞ്ജു കളിക്കുന്നത് തന്നെ. എത്ര റണ്‍സ് നേടിയെന്നതല്ല നേടുന്ന റണ്‍സ് ടീമിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് നോക്കുന്നതാണ് തന്റെ രീതിയെന്ന സഞ്ജുവിന്റെ നിലപാട് തന്നെ സഞ്ജുവിന്റെ നയം വ്യക്തമാക്കുന്നു.

ഇനി രാജസ്ഥാൻ കപ്പടിക്കുമോ ഇല്ലയോ എന്നുള്ളതാണ്. കപ്പടിച്ചാൽ മലയാളികൾക്ക് അതൊരു ആഘോഷമായിരിക്കും. തങ്ങളുടെ പ്രിയപ്പെട്ട  വോണിക്കുള്ള നല്ലൊരു സമ്മാനം. മലയാളികളുടെ പ്രിയപ്പെട്ട ജോസ് ബട്ലർ എന്ന ജോസേട്ടൻ പറഞ്ഞത് പോലെ ഷെയിൻ വോണ്‍ മുകളിലിരുന്ന് ഇപ്പോള്‍ ഞങ്ങളെ അഭിമാനത്തോടെ നോക്കുന്നുണ്ടാകും എന്നാണ്. കപ്പടിച്ചാലും ഇല്ലെങ്കിലും രാജസ്ഥാന്റെ ഈ ഫൈനൽ വരെയുള്ള യാത്രയുണ്ടല്ലോ, അത് മാത്രം മതി ഈ സീസൺ ഓർമ്മിക്കുവാൻ. ആ യാത്ര സഫലമാക്കിയത് സഞ്ജു എന്ന നായകനും. 

2008ൽ ഓസീസ് ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിന്റെ നായകത്വത്തിൽ രാജസ്ഥാൻ റോയൽസ് പ്രഥമ ഐപിഎൽ കിരീടം സ്വന്തമാക്കുമ്പോൾ ഫ്രാഞ്ചൈസിയുടെ ഇപ്പോഴത്തെ നായകനായ സഞ്ജു സാംസണു 13 വയസ്സേ ഉണ്ടായിരുന്നുള്ളു. അവിടെ നിന്നും ഒരു ഫ്രാഞ്ചൈസിയുടെ നായകൻ എന്ന നിലയിലേക്ക് സഞ്ജു വളർന്നത് കല്ലും മുള്ളും ചവുട്ടി തന്നെയായിരുന്നു. ആ 2008നു ശേഷം ആദ്യമായിട്ടാണ് രാജസ്ഥാന്‍ റോയൽസ് ഐപിഎൽ ഫൈനലിൽ പ്രവേശിക്കുന്നത്.

ഷെയ്ൻ വോണിന്റെ കീഴിൽ കിരീടം തൊടുമ്പോൾ 13 വയസ്സു മാത്രമുണ്ടായിരുന്നൊരു പയ്യന്റെ നേതൃത്വത്തിലാണു രാജസ്ഥാന്റെ രണ്ടാമൂഴമെന്നതു മാത്രം മതി ആ കാത്തിരിപ്പിന്റെ പ്രായമറിയാൻ. ഐപിഎലിൽ നായകനാകുന്ന ആദ്യ മലയാളി താരമെന്ന നേട്ടത്തിൽ നിന്നു ലോക ക്രിക്കറ്റിലെ മിന്നുന്ന  കിരീടങ്ങളിലൊന്നു നേടുന്ന ആദ്യ മലയാളി നായകനെന്ന ഖ്യാതിയിലേക്കുള്ള കുതിച്ചുചാട്ടം കൂടിയാണ് ഇന്ന് അഹമ്മദാബാദിൽ സഞ്ജു സാംസണിനെ കാത്തിരിക്കുന്നത്. 

അതും ഷെയിൻ വോൺ എന്ന ഇതിഹാസ നായകൻ വിടപറഞ്ഞ വർഷം. അന്ന് വോണ്‍ കപ്പുയര്‍ത്തിയ ശേഷം പിന്നീടൊരു ഐപിഎല്‍ ഫൈനലിനായി റോയല്‍സിന് കാത്തിരിക്കേണ്ടി വന്നത് നീണ്ട 14 വര്‍ഷങ്ങളാണ്. അതും വോണ്‍ ഈ ലോകത്തോട് വിടപറഞ്ഞ് രണ്ടു മാസങ്ങള്‍ക്ക് ശേഷം.അതുകൊണ്ട് തന്നെ ഇത്തവണ രാജസ്ഥാൻ കപ്പടിക്കുകയാണെങ്കിൽ അത് തങ്ങളുടെ പ്രിയപ്പെട്ട വോണിക്ക് വേണ്ടി മാത്രമായിരിക്കും. കാലം കാത്തുവെച്ച കാവ്യ നീതി അങ്ങനെത്തന്നെയാവട്ടെ .