Jadeja-Csk

പരുക്കിനെത്തുടർന്നു വീട്ടിലേക്കു മടങ്ങിയ മുൻ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ ഇനി ചെന്നൈ സൂപ്പർ കിങ്സിനായി കളിച്ചേക്കില്ലെന്ന് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. 33 കാരനായ ജഡേജയെ ആയിരുന്നു സീസണിലെ ക്യാപ്റ്റനായി ചെന്നൈ ആദ്യം നിയമിച്ചിരുന്നത്. എന്നാൽ ജഡേജയ്ക്കു കീഴിൽ കളിച്ച കളിച്ച 8 മത്സരങ്ങളിൽ 6 എണ്ണവും ചെന്നൈ തോറ്റതോടെ ടീം നായക സ്ഥാനം എം.എസ്. ധോണി വീണ്ടും ഏറ്റെടുക്കുക ആയിരുന്നു.

ക്യാപ്റ്റൻ സ്ഥാനം ഒഴി‍ഞ്ഞതിനു ശേഷം ബോളിങ് നിലവാരം അൽപം മെച്ചപ്പെടുത്താനായെങ്കിലും ബാറ്റിങ്ങിൽ ജഡേജ വീണ്ടും പരാജയമായി. ഇതിനു പിന്നാലെയാണ് ജഡേജ പരുക്കിനെത്തുടർന്നു വീട്ടിലേക്കു മടങ്ങുകയാണെന്നും സീസണിലെ ഇനിയുള്ള മത്സരങ്ങൾ കളിക്കില്ലെന്നും ചെന്നൈ സിഇഒ കാശി വിശ്വനാഥൻ അറിയിച്ചത്. എന്നാൽ ചെന്നൈ ഡ്രസിങ് റൂമിലെ അണിയറക്കഥകൾ പലതും പുറത്ത് അറിയുന്നില്ലെന്നും കഴിഞ്ഞ സീസണിൽ സുരേഷ് റെയ്നയും ഇതേ അവസ്ഥ നേരിട്ടതാണെന്ന് ഓർക്കണമെന്നും തന്റെ യുട്യൂബ് ചാനലിലൂടെ ചോപ്ര അഭിപ്രായപ്പെട്ടു.

‘മുംബൈയ്ക്കെതിരെ ഇന്നു നടക്കുന്ന മത്സരത്തിനുള്ള ചെന്നൈ ടീമിൽ രവീന്ദ്ര ജഡേജ ഉണ്ടാകില്ല. പക്ഷേ, അടുത്ത വർഷവും രവീന്ദ്ര ജഡേജ ചെന്നൈ ടീമിൽ ഉണ്ടാകില്ലെന്ന ചിന്തയാണ് എന്റെ മനസ്സിലേക്ക് എത്തുന്നത്. 

ചെന്നൈ ടീം ക്യാംപിൽ ഇതൊക്കെ സാധാരണയാണ്. ഒരു താരത്തിനു പരുക്കേറ്റതു തന്നെയാണോ അതോ പുറത്താക്കിയതാണോ എന്നു കൃത്യമായി അറിയാനാകില്ല. 2021ൽ സുരേഷ് റെയ്നയ്ക്കു സംഭവിച്ചതും ഇതുപോലെതന്നെ. കുറച്ചു മത്സരങ്ങൾ കഴിഞ്ഞപ്പോൾ അവർ റെയ്നയെ ഒഴിവാക്കിയത് ഓർക്കണം’– ചോപ്രയുടെ വാക്കുകൾ. പരുക്കിനെ തുടർന്നാണ് റെയ്നയെ പ്ലേയിങ് ഇലവനിൽ ഉൾപെടുത്താത്തത് എന്നായിരുന്നു അധികൃതർ അന്നു നൽകിയ വിശദീകരണം.