sandeep-sharma

ഇന്ത്യൻ‌ പ്രീമിയർ ലീഗ് മിനി ലേലത്തിൽ തന്നെ വാങ്ങാൻ ഒരു ടീമും മുന്നോട്ടു വരാത്തതിൽ നിരാശ പ്രകടമാക്കി ഇന്ത്യൻ പേസർ സന്ദീപ് ശര്‍മ. ലേലത്തിൽ അൺ‌സോൾഡ് ആയപ്പോൾ ഞെട്ടലും നിരാശയും തോന്നിയതായി സന്ദീപ് ശർമ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ‘‘എന്തു കൊണ്ടാണ് ആരും എന്നെ വാങ്ങാത്തതെന്നു മനസ്സിലായില്ല. ഞാൻ ഏതു ടീമിനു വേണ്ടി കളിച്ചപ്പോഴും മികച്ച പ്രകടനങ്ങളാണു നടത്തിയിട്ടുള്ളത്. എനിക്കു വേണ്ടി ഏതെങ്കിലും ടീം ബിഡ് ചെയ്യുമെന്നു ശരിക്കും കരുതിയിരുന്നു.’’– സന്ദീപ് ശർമ പ്രതികരിച്ചു.

 

 

‘‘സത്യം പറഞ്ഞാൽ‌ ഇങ്ങനെയൊന്നു ഞാന്‍ പ്രതീക്ഷിച്ചില്ല. തെറ്റായി എന്താണു സംഭവിച്ചതെന്ന് എനിക്ക് അറിയില്ല. ആഭ്യന്തര ക്രിക്കറ്റിൽ ഞാൻ നന്നായി കളിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ അവസാന റൗണ്ടില്‍ ഏഴു വിക്കറ്റുകൾ വീഴ്ത്തി. സയിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ബോളിങ്ങിൽ എല്ലായ്പ്പോഴും സ്ഥിരത പുലർത്തിയിട്ടുണ്ട്. ഇതു മാത്രമാണ് എന്റെ നിയന്ത്രണത്തിലുള്ള കാര്യം. സിലക്ഷനെന്നത് എന്റെ നിയന്ത്രണത്തിലല്ല.’’–സന്ദീപ് ശർമ പ്രതികരിച്ചു.

 

ഐപിഎല്ലിൽ പവർ പ്ലേ ഓവറുകളിൽ സ്ഥിരമായി വിക്കറ്റു വീഴ്ത്തുന്ന താരമാണ് സന്ദീപ് ശർമ. ഐപിഎൽ ലേലത്തിൽ 50 ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. എന്നാൽ ലേലത്തിൽ പങ്കെടുത്ത പത്ത് ഫ്രാഞ്ചൈസികൾക്കും താരത്തെ വാങ്ങാൻ താൽപര്യമുണ്ടായിരുന്നില്ല. 29 വയസ്സുകാരനായ സന്ദീപ് ശർമ പഞ്ചാബിൽനിന്നുള്ള താരമാണ്. ഇന്ത്യയ്ക്കായി രണ്ട് രാജ്യാന്തര ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ പഞ്ചാബ് കിങ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമുകൾക്കായി കളിച്ചിട്ടുണ്ട്.

 

"I Am Shocked And Disappointed"; Says Veteran Indian Pacer On Going Unsold In IPL Auction