നെതർലൻഡ്സിനെതിരായ പരമ്പരയിലെ 3–ാം ഏകദിനത്തിലും അതിഗംഭീര പ്രകടനവുമായി ജോസ് ബട്‌ലർ. ബോളറുടെ കയ്യിൽനിന്നു വഴുതി പിച്ചിനു പുറത്തു കുത്തിയ പന്ത് പോലും ഗാലറിയിലേക്കു വെളിയിലേക്ക് പറത്തിവിട്ടിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ ഈ സൂപ്പർതാരം.
29–ാം ഓവർ ബോൾ ചെയ്യുന്നതിനിടെയാണ് നെതർലൻഡ്സ് പേസർ പോൾ വാൻ മീക്കെരന്റെ കയ്യിൽനിന്ന് പന്തു വഴുതിയത്. സ്ലോ ബൗണ്‍സർ ബോൾ ചെയ്യാനുള്ള ശ്രമത്തിനിടെ വായുവിൽ ഉയർന്ന പന്ത് പിച്ചിൽനിന്നു വളരെ മാറി ബട്‌ലറുടെ ലെഗ് സൈഡിലാണ് 2–ാമത് കുത്തിയത്. പന്ത് പിന്തുടർന്ന ബട്‌ലർ ഡീപ് ബാക്ക്‌വേഡ് സ്ക്വയർ ലെഗിനു മുകളിലൂടെ സിക്സർ നേടി.
നെതർലൻഡ്സ് ഉയർത്തിയ 245 റൺസ് വിജയലക്ഷ്യം 31–ാം ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന ഇംഗ്ലണ്ട് 3 മത്സര പരമ്പര തൂത്തുവാരി (3–0). ഓപ്പണർ ജെയ്സൻ റോയ് 101 റൺസോടെ പുറത്താകാതെ നിന്നപ്പോൾ ജോസ് ബട്‌ലർ 64 പന്തിൽ പുറത്താകാതെ അടിച്ചെടുത്തത് 86 റൺസ്. 3–ാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ടിൽ 163 റൺസ് ചേർത്ത സഖ്യമാണ് ഇംഗ്ലിഷ് ജയം അനായാസമാക്കിയത്.