Jos-buttler-england-captain

ഇംഗ്ലണ്ട് ക്രിക്കറ്റിൽ ഇനി ബട്‌ലർ യുഗം. ഇംഗ്ലണ്ട് ടീമിന്റെ ഏകദിന, ടി20 നായകനായി ജോസ് ബട്‌ലറെ നിയമിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ച ഓയിന്‍ മോര്‍ഗന് പകരമാണ് ബട്‌ലര്‍ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമുകളുടെ നായകനായി വരുന്നത്. ഇനി ഇന്ത്യയ്ക്കെതിരെയാണ് ബട്‌ലറുടെ നായകനായിട്ടുള്ള മത്സരങ്ങൾ. ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

മുമ്പ് 14 തവണ (9 ഏകദിനങ്ങളും 5 ടി20യും) ടീമിനെ നയിച്ച പരിചയമുണ്ട് ബട്‌ലർക്ക്. 151 ഏകദിനത്തിൽ നിന്നും  41.20 ശരാശരിയിൽ 10 സെഞ്ചുറികൾ ഉൾപ്പെടെ 4120 റൺസ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി  88 ടി20 മത്സരങ്ങളിൽ നിന്നും 141.20 സ്‌ട്രൈക്ക് റേറ്റിൽ 2140 റൺസും ബട്‌ലര്‍ സ്വന്തമാക്കിയിട്ടുണ്ട്. 'കഴിഞ്ഞ ഏഴ് വർഷമായി ഇയോൻ മോർഗന്റെ മികച്ച നേതൃത്വത്തിന് എന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നു. എല്ലാവർക്കും ഇത് ഏറ്റവും അവിസ്മരണീയമായ കാലഘട്ടമായിരുന്നു. അദ്ദേഹം ഒരു പ്രചോദനാത്മക നായകനാണ്. അതിശയകരമാണ് അദ്ദേഹത്തിന്റെ പ്രകടനം.മോർഗനിൽ നിന്നും ഇംഗ്ലണ്ടിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത് വലിയ ബഹുമതിയായി ഞാൻ കാണുന്നു'. ബട്‌ലർ പറഞ്ഞു 

ഒരു ദശാബ്ദത്തിലേറെയായി ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ ടീമുകളുടെ അവിഭാജ്യ ഘടകമാണ് ബട്‌ലര്‍. ഇക്കഴിഞ്ഞ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനുവേണ്ടി ഓറഞ്ച് ക്യാപ്പടക്കം ആറ് അവാർഡുകൾ വാരിക്കൂട്ടി ഐപിഎല്ലിലെ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത് ജോസ് ബട്‌ലർ ആയിരുന്നു. ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരം, ഫോറുകൾ നേടിയ താരം, ഏറ്റവും കൂടുതൽ റൺസ്, സീസണിലെ മികച്ച പവർ പ്ലെയർ, എന്നിങ്ങനെ പ്രധാനപ്പെട്ട അവാർഡുകൾ എല്ലാം മലയാളികൾ 'ജോസേട്ടൻ' എന്ന് സ്നേഹത്തോടെ വിളിക്കുന്ന ജോസ് ബട്‌ലർ കൂട്ടത്തോടെ സ്വന്തമാക്കിയിരുന്നു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ഓവര്‍സീസ് താരമാവുകയും ചെയ്തു ബട്‌ലര്‍.