ഖത്തറിലെ ഫിഫ ലോകകപ്പിൽ കാണികൾക്ക് സഞ്ചരിക്കാനുള്ള ബസുകളുടെ പരീക്ഷണഓട്ടം നടത്തി. കാണികളുടെ സൗകര്യാർഥം പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കൂടുതൽ ബസുകൾ നിരത്തിലിറക്കുന്നത്. ഇതിനകം, ഇരുപത്തിനാലര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്.
ഡൌണ്‍ ടൌണ്‍ ദോഹയിൽ നിന്ന് അൽ ജനൌബ്, അൽ ബെയ്ത് സ്റ്റേഡിയങ്ങളെ ബന്ധിച്ചാണ് ബസുകളുടെ പരീക്ഷണ ഓട്ടം നടത്തിയത്. 1300 ബസുകൾ ഒന്‍പത് റൂട്ടുകളിലായി ഒരു ദിവസം മുഴുവൻ സർവീസ് നടത്തി. നാലായിരത്തിലേറെ ബസുകളാണ് ഒരുക്കിയിട്ടുള്ളത്. അത്യാധുനിക സാങ്കേതിക വിദ്യയിൽ മികച്ച യാത്രാസൌകര്യമൊരുക്കുന്ന പരിസ്ഥിതി സൗഹൃദ ബസുകളാണ് എല്ലാം. 14000 ഡ്രൈവർമാരും സജ്ജമാണ്. മൂന്നുറ് റൂട്ടുകളിലായി ബസുകൾ സർവീസ് നടത്തുമെന്ന് പൊതുഗതാഗത കമ്പനിയായ മൌസലാത്ത് അറിയിച്ചു.
ബസുകൾക്കൊപ്പം മെട്രോയും ട്രാമും എല്ലം ബന്ധിപ്പിച്ചുള്ള യാത്രാ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. സാധാരണ ജൂണ്‍ ജുലായ് മാസങ്ങളിൽ നടക്കുന്ന ലോകകപ്പ് ഇവിടുത്തെ കാലാവസ്ഥ കണക്കിലെടുത്താണ് വർഷാവസാനത്തേക്ക് മാറ്റിയത്. മധ്യപൂർവേഷ്യയിൽ ആദ്യമായാണ് ലോകകപ്പ് നടക്കുന്നത്.