പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന് ഉപദേശവുമായി പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ.‘‘ ബാറ്റിങ് ഫോം നിലനിർത്താൻ ബാബർ കഠിനാദ്ധ്വാനം ചെയ്യേണ്ടതുണ്ട്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും നിറം മങ്ങിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിക്ക് ബിസിസി‌ഐയും ഇന്ത്യൻ ആരാധകരും നൽകുന്ന പിന്തുണ ബാബർ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡി(പിസിബി)ൽ നിന്നോ പാക്ക് ആരാധകരിൽ നിന്നോ പ്രതീക്ഷിക്കേണ്ടതില്ല. 

എക്കാലത്തും പാക്ക് നായകനായി തുടരാമെന്നു ബാബർ കരുതുകയും വേണ്ട. ഫോം ഔട്ടായാൽ ബാബറിനെ തൂക്കിയെടുത്ത് ടീമിനു വെളിയിൽ കളയുമെന്ന കാര്യത്തിൽ യാതൊരു തർക്കവും വേണ്ട’’– സ്‌പോർട്‌സ് മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിൽ ഡാനിഷ് കനേരിയ പറഞ്ഞു. 

ഭാവി നായകനായി ഒരാളെ പാക്കിസ്ഥാൻ വളർത്തിയെടുത്തിട്ടില്ല എന്നതാണ് സത്യമെന്നും അത്തരത്തിൽ ഉയർന്നു വരാൻ പ്രതിഭയുള്ള താരമാണ് ഷാൻ മസൂദ് എന്നും കനേരിയ പറയുന്നു. പിന്നീട് ഒഴിവാക്കിയെങ്കിലും പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ മുൾട്ടാൻ സുൽത്താൻസിനെ മികച്ച രീതിയിലാണ് ഷാൻ മസൂദ് നയിച്ചതെന്നും കനേരിയ പറഞ്ഞു.

ധാരാളം പ്രതിഭയുള്ള കളിക്കാർ ഉണ്ടെങ്കിലും മുൻനിര താരമായി ഉയർന്നു വരാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തന്നെയാണ് വഴിമുടക്കിയായി നിൽക്കുന്നതെന്നും കനേരിയ പറയുന്നു. കമ്രാൻ ഗുലാം, സൗദ് ഷക്കീൽ തുടങ്ങിയ പ്രതിഭകൾ ഉണ്ടായിരുന്നപ്പോഴും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൽമാൻ അലി ആഗയെ പോലെയുള്ളവർക്ക് അവസരം നൽകിയത് എന്തിനാണെന്നു ദൈവത്തിനു മാത്രം അറിയാവുന്ന കാര്യമാണെന്നും കനേരിയ പറയുന്നു.