‘എന്റെ കരിയറിലെ ഏതെങ്കിലും ഒരു നിമിഷം മായിച്ചുകളയാൻ അവസരം കിട്ടിയാൽ ഞാൻ ആദ്യം തുടച്ചു മാറ്റുക ആ ദിവസമായിരിക്കും’ .. മുൻ ഇറ്റാലിയൻ ഫുട്ബോൾ താരം റോബർട്ടോ ബാജിയോ  തന്റെ ആത്മകഥയിൽ വേദനയോടെ എഴുതിയ വാക്കുകൾ. 1994 ലോകകപ്പ് ഫൈനലിൽ പെനൽറ്റി പാഴാക്കി ബാജിയോ നിരാശനായി നിൽക്കുന്ന ചിത്രം ഫുട്ബോൾ പ്രേമികളുടെ മനസിൽ ഇന്നും  നീറിപ്പുകയുന്നു. ഇറ്റലിയെ ലോകകപ്പ് ഫൈനലിലെത്തിക്കുന്നതിൽ നിർണായകപങ്ക് വഹിച്ച ആ കാൽപ്പാദങ്ങൾ, പക്ഷെ പെനാൽറ്റി സ്പോട്ടിൽ ഒന്നു പതറി. ബാജിയോ പുറത്തേക്കടിച്ചു വിട്ടത് അര  കിലോഗ്രാമിൽ താഴെ ഭാരമുള്ള പന്തായിരുന്നില്ല- അഞ്ചരക്കോടി ഇറ്റലിക്കാരുടെ പ്രതീക്ഷകളായിരുന്നു

 

അതാണ് ഷൂട്ടൗട്ട്. തടുക്കുന്നവന്റേയും തൊടുക്കുന്നവന്റേയും നെഞ്ചിടിപ്പ് വൻകരകളും ഭൂ‌ഖണ്ഡങ്ങളും കടന്ന് ലോകമെമ്പാടും മുഴങ്ങുന്ന നിമിഷം. അല്ല ല‌ോകത്തെ മുഴുവൻ ആരാധകരുടേയും  നെഞ്ചിടിപ്പ് ഒരു പന്തിലേക്ക് ചുരുങ്ങുന്ന നിമി‌ഷം . എങ്ങനെ വേണമെങ്കിലും വിശേഷിപ്പിക്കാം. ആർത്തിരമ്പുന്ന  ആയിരങ്ങൾക്കു നടുവിൽ കിക്കെടുക്കാൻ ചുവടു വയ്ക്കുമ്പോൾ ഇളകരുത് ആ  മനക്കരുത്ത്. നേടാൻ ഒട്ടേറെ, നഷ്ടപ്പെടാനും. അസാമാന്യമായ ആത്മസംയമനവും പ്രതിഭയും കഴിവും പിന്നെ ഭാഗ്യവും ഒത്തിണങ്ങി‍യാൽ മാത്രം ഗോളിയെ മറികടന്ന് ആ വല അനങ്ങും.  മറിച്ചാണെങ്കിൽ... ഇല്ല.. ആ നിമിഷം ഒരു താരത്തിനും ചിന്തിക്കാനാകില്ല. ഒരു പേക്കിനാവ് കണക്കെ ആ ദിനം ഏതു താരത്തേയും ഏറെക്കാലം വേട്ടയാടും. ഉറക്കമില്ലാത്ത രാവുകളായിരിക്കും  കാത്തിരിക്കുക. ജയിക്കുന്നവർ ഹൃദയങ്ങൾ കീഴടക്കുമ്പോൾ മറുവശത്ത് ഹൃദയം തകർന്ന് വിതുമ്പുന്നവരേയും കാണാം. 

 

എത്രയെത്ര താരങ്ങളാണ് പെനാൽറ്റി ഷൂട്ടൗട്ടെന്ന ദുർഭൂതത്തിനു മുന്നിൽ ഇടറി വീണിട്ടിട്ടുള്ളത്. സീക്കോ, ഡേവിഡ് ബെക്കാം, മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, , കിലിയൻ എംബപ്പെ.. പെനൽറ്റി  സ്പോട്ടിൽ കാലിടറിയവരിൽ ലോകഫുട്ബോളിലെ പ്രമുഖർ നിരവധി. നിർണായക മൽസരങ്ങളിലല്ലെങ്കിലും പെലെയും മറഡോണയും പെനൽറ്റി നഷ്ടത്തിന്റെ നിരാശയറിഞ്ഞവർ. ഷൂട്ടൗട്ടിലെ  സമ്മർദ്ദം അതിജീവിക്കുന്നവർക്കു വീരപരിവേഷം ലഭിക്കുമ്പോൾ കിക്ക് പാഴുക്കുന്നവർ ദുരന്തചിത്രമായി അവശേഷിക്കും. കളിക്കളത്തിലെ പോരാളികൾ ടൈബ്രേക്കർ സ്പോട്ടിൽ  ദുരന്തനായകരാകുന്ന കാഴ്ച സഹിക്കാനാകാത്തതാണ്.  ഗോളി ഹീറോയും കിക്ക് പാഴാക്കുന്നയാൾ വില്ലനുമാകുന്നതു നീതിയോ? ചോദ്യങ്ങൾ പലതുണ്ട് ടൈബ്രേക്കർ എന്ന  ദുരന്തനാടകത്തെക്കുറിച്ച്. 

 

‘‘എല്ലാവരാലും ഒറ്റുകൊടുക്കപ്പെട്ട്, രണ്ട് കൈകളും വിടർത്തി ഗോളി പെനൽറ്റി കിക്ക് കാത്തു നിൽക്കുന്നു. ഗാലറികളിൽ അൻപതിനായിരം തൊണ്ടകൾ അപ്പോൾ നിശബ്ദരായിരിക്കും. ഒരു കാണി  മാത്രം ഇടയ്ക്ക് മൂന്നു തവണ കൂവും.... ’എൻ.എസ്.മാധവന്റെ ഹിഗ്വിറ്റ എന്ന നോവലിലെ വരികൾ. ഒരു നിമിഷം കൊണ്ട് ചക്രവർത്തിയാകാനും മണ്ണിൽ വീണുടയാനും ഗോൾ കീപ്പർ കാത്തു  നിൽക്കുന്ന അവസ്ഥയെക്കുറിച്ച് ഇതിലും മനോഹരമായി മറ്റാരും എഴുതിട്ടുണ്ടാകില്ല. 

 

എട്ടടി ഉയരവും 24 അടി വീതിയുമുള്ളൊരു ചതുരക്കൂട്ടിലേക്ക് 36 അടി അകലെനിന്നു പന്തടിച്ചു കയറ്റുക എന്നതാണു സ്പോട്ട് കിക്ക് മുന്നോട്ടുവയ്ക്കുന്ന വെല്ലുവിളി. 36 അടി നീളമുള്ളൊരടി.  അതിന്റെ വേഗം എങ്ങനെയുമാകാം. അതു നിലംപറ്റെ വരാം. വായുവിൽ അമ്പുപോലെയാവാം, വെടിയുണ്ടപോലെയുമാവാം. ആ പന്തു തടുക്കാൻ ഒരു മനുഷ്യനുണ്ടാകും. തുറന്നിട്ടിരിക്കുന്ന കോട്ട  കാക്കാൻ അയാൾ ഒറ്റയ്ക്കേയുള്ളൂ. മറുവശത്തു പന്തടിച്ചുകയറ്റുന്നയാളും ഒറ്റയ്ക്കുതന്നെ. പന്ത് അകത്തുകയറിയാൽ ഗോൾ കീപ്പറെ ആരും പഴിക്കുന്നില്ല. പന്തു തടുത്താൽ അയാൾ വീരനായകൻ.  പന്തു മുകളിലേക്കോ വശങ്ങളിലേക്കോ പറന്നു ലക്ഷ്യത്തിൽനിന്ന് അകന്നുപോയാൽ ‘ഷൂട്ടർ’ വട്ടപ്പൂജ്യമാകും. ആരാധകർ മുഖംപൊത്തിക്കരഞ്ഞുകൊണ്ട് അയാളെ ശപിക്കും. 

 

കിക്കെടുക്കാനുള്ള ആ നടത്തം. വിശാലമായ കളിക്കളത്തിന്റെ നടുവിലൂടെയാണെങ്കിലും പൊള്ളുന്ന യാഥാർഥ്യത്തിന്റെ ഇടനാഴിയിലൂടെയാണ് ആ ചുവടുവയ്പ്പ് . ആരാച്ചാരുടെ തട്ടുപോലയാണ്  അവിടം.ചിലർ ഗോൾ പോസ്റ്റിലേക്കു നോക്കും. ചിലർ ആകാശത്തേക്കു നോക്കും. അവരുടെ കാലുകളിൽ ടൺ കണക്കിനു ഭാരം കെട്ടിവച്ചിട്ടുണ്ടെന്നു തോന്നുന്നില്ലേ? അതാണു ടൈബ്രേക്കർ എന്ന  വധശിക്ഷയുടെ ആദ്യ അധ്യായം. അതെ, ഗോൾ കീപ്പർമാരല്ല, ഷൂട്ടർമാരാകുന്ന കളിക്കാരാണു പരീക്ഷിക്കപ്പെടുന്നത്.   പന്ത് എങ്ങോട്ട് അടിക്കണം എന്ന തീരുമാനം ആ നിമിഷം മനസ്സിൽ നിറയണം.  അല്ലെങ്കിൽ പരാജയം ഉറപ്പ്. വിജയം ആത്മവിശ്വാസത്തിൽനിന്നാണ്. പരാജയം ആശങ്കയിൽനിന്നും. അതാണു ഷൂട്ടൗട്ടിന്റെ വിധിവാക്യം. 

 

ഖത്തർ ലോകകപ്പിൽ ആദ്യ ഷൂട്ടൗട്ടിന്റെ നൊമ്പരം അനുഭവിച്ചത് ജപ്പാനായിരുന്നു. ക്രൊയേഷ്യയുടെ ഡൊമിനിക് ലിവകോവിച്ച് എന്ന സൂപ്പർമാൻ ഗോളിയുടെ മുന്നിൽ ജപ്പാൻ വീണു. പിന്നെ  സ്പെയിനിന്റെ ഊഴം. പെനൽറ്റിയിൽ സ്പാനിഷ് താരങ്ങൾക്ക് ഒറ്റ കിക്ക് പോലും ലക്ഷ്യത്തിലെത്തിക്കാനാകാതെ പോയതോടെ മൊറൊക്കോയ്ക്കു ചരിത്രജയം. 

 

പാഴാക്കിയ ഷോട്ടുമായി, ഇടറിയ ചുവടുകളോടെ , നിറഞ്ഞ കണ്ണുകളോടെ തിരിഞ്ഞു നടക്കുന്ന ഒരു കളിക്കാരന കാണരുത് എന്ന് ആശിക്കാൻ മാത്രമേ പറ്റൂ... കാരണം ഷൂട്ടൗട്ടെന്നാൽ ഷൂട്ട്...ഔട്ട്...  ഒരു ടീം പുറത്തു പോയെ പറ്റൂ.. ബാജിയോയുടെ വാക്കുകളിൽ തന്നെ അവസാനിപ്പിക്കാം. പെനൽറ്റി എടുൻ ധൈര്യമുള്ളവർ മാത്രമേ അതു നഷ്ടപ്പെടുത്തുകയുമുള്ളൂ...