കസഖ്സ്ഥാൻ താരം എലെന റിബകീന വിംബിൾഡൺ കിരീടം ചൂടുമ്പോൾ ഓൾ ഇംഗ്ലണ്ട് ക്ലബിലേക്ക് അരീനയിലേക്ക് സബലേങ്കയ്ക്ക് പ്രവേശനമുണ്ടായിരുന്നില്ല. റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ അനുകൂലിച്ച ബെലാറുസിയൻ നിലപാടാണ് അവിടെ സബലേങ്കയുടെ വഴി തടഞ്ഞത്. എന്നാൽ ഓസ്ട്രേലിയൻ ഓപ്പണിൽ തന്റെ സെർവുകളിൽ കരുത്ത് നിറച്ച്, വൈകാരികതയ്ക്ക് തടയിട്ട് സബലേങ്ക ആദ്യ കിരീടവുമായി മടങ്ങുമ്പോൾ ഒരു കൊടിക്കീഴിലുമല്ലാതെ ഒരു താരം ഗ്രാൻഡ്സ്ലാം നേടുന്നത് ചരിത്രത്തിലാദ്യമായി.

 

റഷ്യൻ, ബെലാറുസിയൻ കളിക്കാർക്ക് രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കാനാവില്ലെന്നാണ് ഓസ്ട്രേലിയൻ ഓപ്പൺ സ്വീകരിച്ച നിലപാട്. ഇതോടെ സബലേങ്ക ഉൾപ്പെടെയുള്ള റഷ്യൻ, ബെലാറുസിയൻ കളിക്കാരുടെ പേരിന് നേരെ വന്നത് വെളുത്ത പതാകയും. കഴിഞ്ഞ വർഷത്തെ വിംബിൾഡണിലേക്ക് ഇവർക്ക് പ്രവേശനം നിഷേധിച്ചപ്പോൾ 2023ൽ മറ്റൊരു ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിട്ട് സബലേങ്കയ്ക്ക് എത്താനാവും എന്നാണ് പ്രതീക്ഷ. 

 

ആരും യുദ്ധത്തെ പിന്തുണയ്ക്കുന്നില്ല. വിംബിൾഡണിൽ നിന്ന് ഞങ്ങളെ വിലക്കിയത് കൊണ്ട് ഒന്നും സംഭവിക്കില്ല എന്നാണ് സബലേങ്ക പ്രതികരിച്ചത്. സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കാൻ സാധിക്കാത്തതിലൂടെ ഒരിടമില്ല എന്ന തോന്നലാണ് ഉണ്ടാവുന്നതെന്നും ഓസ്ട്രേലിയൻ ഓപ്പൺ ജേതാവ് പറയുന്നു. 

 

ആദ്യ സെറ്റ് നഷ്ടപ്പെട്ടിടത്തും നിന്നും തിരികെ കയറിയാണ് സബലെങ്ക തിരിച്ചടിച്ചത്. ആദ്യമായി ഗ്രാൻഡ് സ്ലാം ഫൈനൽ കളിച്ച സബലേങ്ക അവസാന സെറ്റിൽ ബേസ് ലൈനിൽ നിന്ന് തകർപ്പൻ ഓവർഹെഡ് സ്മാഷിലൂടെയാണ് ബ്രേക്ക് പോയിന്റ് പിടിച്ചത്. ഒരിക്കൽ സെർവിലായിരുന്നു സബലെങ്ക നിരാശിപ്പെടുത്തിക്കൊണ്ടിരുന്നത്. എന്നാലിന്ന് അത് സബലെങ്കയുടെ കരുത്തായി. ആദ്യ സെർവിലൂടെ 72 ശതമാനം പോയിന്റും സബലെങ്കയുടെ അക്കൗണ്ടിലേക്കെത്തി. 

 

എങ്ങനെയാണ് നിങ്ങളെന്റെ സെർവുകളെ വിശേഷിപ്പിച്ചിരുന്നത്? ദുരന്തം എന്നല്ലേ? ഞാൻ കഠിനാധ്വാനം ചെയ്തു. ശ്രമിച്ചുകൊണ്ടേയിരുന്നു. വിശ്വസിച്ചുകൊണ്ടേയിരുന്നു, സബലേങ്ക പറയുന്നു. ലോക ഒന്നാം നമ്പർ താരം ഇഗ സ്വാംതെക്കിനെ വീഴ്ത്തിയെത്തിയ റിബക്കീനയ്ക്കും പക്ഷേ ബെലാറുസീയൻ കരുത്തിന് മുൻപിൽ പിടിച്ചുനിൽക്കാനായില്ല.

sabalenka wins australian open under neutral flag