മെല്‍ബണിലെ മാര്‍ഗരെറ്റ് കോര്‍ട്ട് അരീനയില്‍ സാംബ താളമിട്ടൊരു 18 വയസുകാരന്‍. ഇടംമുഴക്കം കണക്കെ ഫോര്‍ഹാന്‍ഡുകള്‍ കോര്‍ട്ടിനെ കീറിമുറിച്ചപ്പോള്‍ ആന്ദ്രേ റുബ്ലവ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ആദ്യറൗണ്ടില്‍ വീണു. ഫോന്‍സെക്കയുടെ സര്‍വുകളുടെ വേഗത മണിക്കറില്‍ 180 കിലോമീറ്ററിന് മുകളില്‍. ഇക്കുറി ഓസ്ട്രേലിയന്‍ ഓപ്പണിലെ വേഗമേറിയ സര്‍വുകള്‍ പാഞ്ഞത് ഈ ബ്രസീലിയന്‍ റാക്കറ്റില്‍ നിന്ന്.
ആദ്യസെറ്റും മൂന്നാം സെറ്റും ടൈബ്രേക്കറില്‍ സ്വന്തമാക്കിയ ഫോന്‍സെക്ക യോഗ്യതാ റൗണ്ട് കടന്നാണ് ഗ്രാന്‍സ്ലാമിനെത്തിയത്. 2023ലെ യുഎസ് ഓപ്പമ്‍ ജൂനിയര്‍ ചാംപ്യനായ ഫോന്‍സെക്ക, യാനിക് സിന്നറും കാര്‍ലോസ് അല്‍ക്കരാസും വരവറിയിച്ച നെക്സ്റ്റ് ജെന്‍ കിരീടം ആഴ്ച്ചകള്‍ക്ക് മുമ്പ് സ്വന്തമാക്കിയിരുന്നു. അല്‍ക്കരാസിനും സിന്നര്‍ക്കുമൊപ്പം വരാനിരിക്കുന്നത് ഫൊന്‍സെക്കയുടെ കൂടി കാലമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ആദ്യ റൗണ്ടിലെ പ്രകടനം.