ദേശിയ ടീമിനൊപ്പമുള്ള പ്രകടനം നോക്കുമ്പോൾ മെസി, റൊണാൾഡോ എന്നിവരേക്കാൾ മികച്ചതാവാൻ തനിക്ക് സാധിക്കുമെന്ന് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. ഏഷ്യൻ കപ്പ് ഇന്ത്യക്ക് ലോകകപ്പ് പോലെയാണെന്നും ഛേത്രി പറഞ്ഞു. രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരങ്ങളിൽ ആദ്യ പത്തിൽ തന്റെ പേര് എഴുതിച്ചേർത്താണ് ഛേത്രി ഇന്ത്യക്ക് അഭിമാനമാവുന്നത്. മെസിക്കും ക്രിസ്റ്റ്യാനോയ്ക്കും പിന്നിൽ ലിസ്റ്റിൽ നാലാമതാണ് ഛേത്രിയുടെ സ്ഥാനം. 

രാജ്യാന്തര ഫുട്ബോളിലെ എക്കാലത്തേയും വലിയ ​ഗോൾ വേട്ടക്കാരിലെ മറ്റ് 9 പേരുമായും ഒരു താരതമ്യവും വേണ്ടതില്ല. മെസി, റൊണാൾഡോ എന്നിവരുടെ ആരാധകനാണ് ഞാനും. ഇവിടെ താരതമ്യത്തിന്റെ ആവശ്യമില്ല. ഈ പട്ടിക ഞാൻ കൂടുതൽ ​ഗൗരവത്തോടെയും എടുക്കുന്നില്ല. എന്നാൽ ദേശിയ ടീമിലെ പ്രകടനത്തിലേക്ക് വരുമ്പോൾ എനിക്ക് മെസി, റൊണാൾഡോ എന്നിവരേക്കാൾ മികച്ചതാവാൻ കഴിഞ്ഞേക്കും, സുനിൽ ഛേത്രി പറയുന്നു. 

രാജ്യത്തിനായി നന്നായി കളിക്കാൻ എനിക്കിപ്പോൾ കഴിയുന്നു. അത് സാധിക്കാതെ വരുമ്പോൾ ഫുട്ബോൾ അവസാനിപ്പിക്കും. എന്നാലത് എപ്പോളായിരിക്കും എന്ന് പറയാനാവില്ല. സാഫ് കപ്പിൽ കുവൈത്ത്, ലെബനൻ പോലുള്ള ടീമുകൾക്കെതിരെ നമ്മൾ ജയിച്ചത് ഏറെ പ്രധാനപ്പെട്ടതാണെന്നും ഛേത്രി പറയുന്നു.