ഒടുവിൽ മെസിയുടെ സൈനിങ് ഔദ്യോ​ഗികമായി പ്രഖ്യാപിച്ച് ഇന്റർ മയാമി. 10ാം നമ്പർ ജഴ്സിയിൽ ഇനി മെസി എംഎൽഎസിൽ ഇന്റർ മയാമിക്കായി കളിക്കും. എന്നാൽ മെസിയുടെ സൈനിങ് പ്രഖ്യാപിച്ച ദിവസവും കനത്ത തോൽവിയിലേക്കാണ് ഇന്റർ മയാമി വീണത്. സെന്റ് ലൂയിസിനെതിരായ കളിയിൽ എതിരില്ലാത്ത മൂന്ന് ​ഗോളിന് തോൽവി സമ്മതിച്ചതോടെ ജയം തൊടാനാവാതെ ഇത് ഇന്റർ മയാമിയുടെ പതിനൊന്നാമത്തെ മത്സരമായി. 

എംഎൽഎസ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് ഇപ്പോൾ ഇന്റർ മയാമിയുടെ സ്ഥാനം. 22 കളിയിൽ പതിനാലിലും തോറ്റു. ജയം നേടാനായത് അഞ്ച് കളിയിൽ മാത്രം. ഇന്റർ മയാമിയുടെ അടുത്ത മത്സരത്തിൽ മെസി ഇറങ്ങിയേക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. 

എംഎൽഎസിലെ ഏറ്റവും മോശം ടീമിന് വേണ്ടി മെസി ഇറങ്ങേണ്ടി വരുന്നു എന്ന നിരാശ ആരാധകർ പങ്കുവെക്കുന്നുണ്ട്. മെസിയുടെ വരവോടെ ക്ലബിന് വിജയ വഴിയിലേക്ക് തിരികെയെത്താനാവുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.