പാക്കിസ്ഥാൻ – നേപ്പാൾ മത്സരത്തോടെ 2023 ലെ ഏഷ്യാ കപ്പിനു തുടക്കം. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ പാക്കിസ്ഥാനെതിരെ കുഞ്ഞൻ ടീമായ നേപ്പാളിന് 238 റൺസിന്റെ കൂറ്റൻ തോൽവിയാണ് ഏറ്റു വാങ്ങേണ്ടിവന്നത്. ടൂർണമെൻറിലെ ഏറ്റവും വലിയ ഗ്ലാമർ പോരാട്ടമായ ഇന്ത്യ – പാക് പോരാട്ടം സെപ്തംബർ 2-നാണ് നടക്കുന്നത്. സെപ്റ്റംബർ നാലിന് ഇന്ത്യ നേപ്പാളിനെയും നേരിടും. പാക്കിസ്ഥാനുമായിട്ടാണ് ഇത്തവണത്തെ ഏഷ്യ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.ക്രിക്കറ്റിലെ എൽ-ക്ളാസിക്കോ എന്നറിയപ്പെടുന്ന ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിന്റെ ആവേശത്തിലാണ് ആരാധകർ.

ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് പാക്കിസ്ഥാൻ ടീം ഏഷ്യ കപ്പിനെത്തിയിരിക്കുന്നത്. ഇന്ത്യയ്ക്കൊപ്പം തന്നെ കിരീട സാധ്യതകളിൽ മുന്നിലാണ് പാക്കിസ്ഥാനും. കഴിഞ്ഞ തവണ ട്വന്റി20 ഫോർമാറ്റിൽ നടത്തിയ ഏഷ്യാ കപ്പിലെ വിജയികളായ ശ്രീലങ്കയും രണ്ടും കൽപ്പിച്ചു തന്നെ. കറുത്ത കുതിരകളാകാൻ അഫ്ഗാനിസ്ഥാനും ബംഗ്ലദേശും ഉണ്ട്. 

ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച കഴിഞ്ഞ ലോകകപ്പിൽ മാഞ്ചസ്റ്ററിലായിരുന്നു ഇതിനു മുൻപ് ഇന്ത്യ– പാക്കിസ്ഥാൻ ഏകദിനം നടന്നത്. അന്ന് വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു. ഏഷ്യാ കപ്പിലും കിരീട സാധ്യതയിൽ മുന്നിൽ ഇന്ത്യ തന്നെയാണെങ്കിലും രോഹിത്തിനും സംഘത്തിനും കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് കണക്കുകളും മറ്റ് ടീമുകളുടെ സമീപകാല പ്രകടനങ്ങളും വ്യക്തമാക്കുന്നത്. 

അതേസമയം മത്സരത്തില്‍ മഴ വില്ലനായി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയും ചെയ്തു. 90 ശതമാനം മഴയാണ് പ്രവചിച്ചിരിക്കുന്നത്. കാറ്റോടുക്കൂടി മഴയാണ് റിപ്പോര്‍ട്ടിലുള്ളത്‌. പകലും രാത്രിയുമായാണ് മത്സരം ഒരുക്കിയട്ടുള്ളത്. ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം കാത്തിരുന്ന ആരാധകരെ നിരാശരാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന കലാവസ്ഥ പ്രവചനം

6 ടീമുകളെ 2 ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ. ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ ടീമുകളുടങ്ങുന്നതാണ് ഗ്രൂപ്പ് എ. ഗ്രൂപ്പ് ബിയിലാണ് ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ ടീമുകൾ. ഗ്രൂപ്പിലെ എല്ലാ ടീമും മറ്റു 2 ടീമുകളുമായി ഓരോ തവണ കളിക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ 2 സ്ഥാനക്കാർ സൂപ്പർ ഫോറിനു യോഗ്യത നേടും. സൂപ്പർ ഫോറിലും ഓരോ ടീമും എതിരാളികളുമായി ഓരോ തവണ ഏറ്റുമുട്ടും. സൂപ്പർ ഫോറിലെ മികച്ച 2 ടീമുകളാണ് ഫൈനലിലെത്തുക. ഫൈനലടക്കം 13 മത്സരങ്ങളാണ് ടൂർണമെന്റിലുണ്ടാവുക. ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ്.പാക്കിസ്ഥാനിലും ശ്രീലങ്കയിലുമായി നടക്കുന്ന ഏഷ്യാ കപ്പിന്റെ ഫൈനൽ സെപ്റ്റംബർ 17നു കൊളംബോയിൽ നടക്കും. 

Asia Cup 2023: India vs Pakistan - Who will win match between India and Pakistan?