asiangames

ഏഷ്യന്‍ ഗെയിംസ് വനിത ഹെപ്റ്റാതലണില്‍ വെങ്കല മെഡല്‍ നഷ്ടമായെന്ന് ഇന്ത്യന്‍ അത്‍ലീറ്റ് സ്വപ്ന ബര്‍മന്‍. മൂന്നാം സ്ഥാനം നേടിയ ഇന്ത്യന്‍ താരമായ നന്ദിനി അഗസര ട്രാന്‍സ്ജെന്‍ഡര്‍ ആണെന്നാണ് സ്വപ്നയുടെ ആരോപണം. ഉചിതമായ നടപടികള്‍ സ്വീകരിച്ച് തനിക്ക് മെഡല്‍ തിരികെ തരണമെന്ന് സ്വപ്ന എക്സില്‍ കുറിച്ചു

 

നാല് പോയിന്റ് വ്യത്യാസത്തില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം സ്വപ്ന തൊടുത്തുവിട്ടത് ഗുരുതര ആരോപണങ്ങള്‍. തന്നെ പിന്തള്ളി മൂന്നാം സ്ഥാനം സ്വന്തമാക്കിയ ഇന്ത്യന്‍ താരം നന്ദിനി അഗസര ട്രാന്‍സ്ജെന്‍ഡറാണ്. അതിനാല്‍ തന്നെ വേണ്ട നടപടികളെടുത്ത് തനിക്ക് മെഡല്‍ വാങ്ങിത്തരണം സ്വപ്ന കുറിച്ചു. ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുറച്ചുകൂടി കടുപ്പിച്ചും സ്വപ്ന. പതിമൂന്ന് വര്‍ഷം പരിശീലിച്ചാണ് തന്‍ ട്രാക്കില്‍ പ്രകടനം നടത്തുന്നത്.  വളരെ കുറവ് സമയം കൊണ്ടാണ് നന്ദിനി തനിക്കൊപ്പമെത്തിയത്. ട്രാന്‍സ്ജെന്‍ഡറായതിനാല്‍ പുരുഷ ഹോര്‍മോണുകള്‍ നന്ദിനിയെ സഹായിക്കുന്നുണ്ടെന്നാണ് സ്വപ്നയുടെ ആരോപണം. നേരത്തെയും നന്ദിനിക്കെതിരെ പരാതി പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ നടപടികളൊന്നുമുണ്ടായില്ലെന്നും സ്വപ്ന അഭിമുഖത്തില്‍ പറഞ്ഞു. താന്‍ പരാതി പറയുമെന്ന ഉറപ്പുള്ളതിനാല്‍ നേരത്തെ തന്നെ നന്ദിനി ചൈനയില്‍ നിന്ന് മടങ്ങിയെന്നും സ്വപ്ന ആരോപിക്കുന്നു.

2018 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ ജേതാവായ സ്വപ്ന ഹാങ്ചോയിലെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്നു. 5712 പോയിന്റ് നേടിയാണ് നന്ദിനി അഗസര വെങ്കലമെഡല്‍ നേടിയത്. സ്വപ്നക്ക് 5708 പോയിന്റാണ് നേടാനായത്. 6149 പോയിന്റ് നേടിയ ചൈനീസ് താരത്തിനാണ് ഈ ഇനത്തില്‍ സ്വര്‍ണം.