അല്‍ നസറിന് വേണ്ടി വിസ്മയിപ്പിക്കുന്ന ഫ്രീകിക്കുമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദമാക് എഫ്സിക്കെതിരായ കളിയില്‍ ഗോള്‍കീപ്പറെ നോക്കുകുത്തിയാക്കിയാണ് 25 വാര അകലെ നിന്ന് എടുത്ത ഫ്രീകിക്ക് ക്രിസ്റ്റ്യാനോ ക്രിസ്റ്റ്യാനോ വലയിലാക്കിയത്. ദമാക്കയ്ക്ക് എതിരെ ഒന്നിനെതിരെ രണ്ട് ഗോളിന് അല്‍ നസര്‍ ജയം പിടിച്ചു. 

 

ഏഴ് മാസത്തിനടുത്ത ഇടവേളയ്ക്ക് ശേഷമാണ് ക്രിസ്റ്റ്യാനോയില്‍ നിന്ന് ഫ്രീകിക്ക് ഗോള്‍ വരുന്നത്. 56ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഫ്രീകിക്ക് ഗോള്‍. എന്നാല്‍ ക്രിസ്റ്റ്യാനോയുടെ ഫ്രികിക്ക് ഗോള്‍ വരുന്നതിന് മുന്‍പ് ടലിസ്കയും തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ വല കുലുക്കിയാണ് അല്‍ നസറിനെ 1-1 എന്ന സമനിലയിലെത്തിച്ചത്. പിന്നാലെ ജയം ഉറപ്പിച്ച് ക്രിസ്റ്റ്യാനോയുടെ ഗോളും എത്തി. 

 

ദമാകിനെതിരായ ജയത്തോടെ അല്‍ നസര്‍ പ്രോലീഗ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. പത്ത് കളിയില്‍ നിന്ന് 22 പോയിന്റാണ് അല്‍ നസറിനുള്ളത്. 26 പോയിന്റുള്ള അല്‍ ഹിലാലാണ് പട്ടികയില്‍ ഒന്നാമതുള്ളത്. അല്‍ താവോണ്‍ രണ്ടാം സ്ഥാനത്തും.