ദേശീയ ഗെയിംസ് അത്ലറ്റിക്സിന്റെ മൂന്നാം ദിനം നില മെച്ചപ്പെടുത്തി കേരളം. ഏഷ്യൻ ഗെയിംസിലെ വെള്ളി മെഡൽ നേട്ടത്തിന്റെ പകിട്ടുമായെത്തിയ ആൻസി സോജൻ ലോംങ് ജംപിൽ പൊന്നണിഞ്ഞു. അത്ലറ്റിക്സിൽ ഒരു സ്വർണമുൾപ്പെടെ അഞ്ചു മെഡലുകളാണ് ഇന്നലെ കേരളത്തിന്റെ നേട്ടം.
മൂന്നാം ദിനം അത്ലറ്റിക്സിൽ കേരളത്തിന്റെ ആദ്യ മെഡൽ 4 X 100 മീറ്റർ റിലേയിൽ വനിതകൾ നേടി. ആന്ധ്രയ്ക്കു പിന്നിൽ വെള്ളിത്തിളക്കം. പിന്നാലെ കനത്ത മഴ. ഒന്നരമണിക്കൂറിന് ശേഷം നടന്ന പുരുഷവിഭാഗം റിലേയിൽ കേരളത്തിന് വെങ്കലം. മഴയിൽ കുതിർന്ന പിറ്റിൽ വനിതാ വിഭാഗം ലോങ് ജംപ്. കേരളത്തിലേയ്ക്കൊതുങ്ങിയ മത്സരത്തിൽ ആൻസി സോജനിലൂടെ മൂന്നാം ദിനം അത് ലറ്റിക്സിൽ ആദ്യ പൊന്ന്. നയന ജയിംസ് രണ്ടാമതെത്തിയപ്പോൾ ഈ ഇനത്തിലെ വെളളിയും കേരളത്തിന്.. പുരുഷവിഭാഗം ഡക്കാത്തലണിൽ എൻ. തൗഫീഖ് വെങ്കലവും തേടി.
national games of athletics third day