ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ നേടിയ വമ്പന്‍ ജയത്തിന് പിന്നാലെ ജസ്പ്രീത് ബുംറയുടെ ബോളിങ് സംശയാസ്പദമാണെന്ന്  ആരോപിച്ച് രംഗത്തെത്തി ശ്രീലങ്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിയല്‍ അലക്‌സാണ്ടര്‍. ഐസിസിയോട് ബുംറയുടെ ബൗളിങ് ആക്ഷന്‍ പരിശോധിക്കണമെന്നും  ഡാനിയല്‍ അലക്‌സാണ്ടര്‍ സമൂഹമാധ്യമമായ എക്‌സിലൂടെ ആവശ്യപ്പെട്ടു.

'ഐസിസി, ജസ്പ്രീത് ബുംറ, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ എന്നിവരുടെ സംശയാസ്പദമായ ബൗളിങ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യുകയും പരിശോധിക്കപ്പെടുകയും ചെയ്യണം' എന്നാണ് ഡാനിയല്‍ ആദ്യ പോസ്റ്റിൽ എക്‌സില്‍ കുറിച്ചത്.

രണ്ടാമത്തെ പോസ്റ്റിൽ മാധ്യമപ്രവർത്തകൻ ടാർഗറ്റ് ചെയ്തത് ബുംറയെ തന്നെ ആയിരുന്നു. 'ഇന്ത്യൻ മീഡിയം പേസർ ജസ്പ്രീത് ബുംറയുടെ സംശയാസ്പദമായ ബൗളിങ് ആക്ഷൻ റിപ്പോർട്ട് ചെയ്യുകയും പരിശോധിക്കപ്പെടുകയും ചെയ്യണം' എന്നാണ് എക്‌സിൽ കുറിച്ചത്. 

എന്നാല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡോ ശ്രീലങ്കൻ താരങ്ങളോ ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.