ഫൈനല്‍ പോരാട്ടത്തിനൊരുങ്ങി ടീം ഇന്ത്യ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ ഉള്‍പ്പെടെ ആറ് താരങ്ങളാണ് മണിക്കൂറുകള്‍ നീണ്ട പരിശീലനം നടത്തിയത്. ഓസ്ട്രേലിയന്‍ ടീം വൈകിട്ട് കൊല്‍ക്കത്തയില്‍ നിന്ന് അഹമ്മദാബാദിലെത്തി.

വ്യാഴാഴ്ചത്തെ വിശ്രമത്തിന് ശേഷം ഇന്നലെ ഉച്ചയോടെയാണ് താരങ്ങള്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അടക്കമുള്ളവര്‍ക്കൊപ്പം അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങിയത്. രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍, പ്രസിദ് കൃഷ്ണ എന്നിവര്‍ വിവിധ മേഖലകളിലായി പരിശീലനം നടത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ തുടര്‍ച്ചയായി സ്ലിപ്പില്‍ ക്യാച്ചിങ് പരിശീലനം നടത്തി. തുടര്‍ന്ന് സ്പിന്‍ ബോളിങ്ങിനെതിരെ ബാറ്റിങ് പരിശീലിച്ചു. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനൊപ്പം രോഹിത് പിച്ച് പരിശോധിക്കുകയും ചെയ്തു. ഇന്ന് രണ്ട് മണിക്ക് ഓസീസ് ടീം പരിശീലനത്തിനിറങ്ങും.  വൈകിട്ട് ആറ് മണിക്കാണ് ഇന്ത്യന്‍ ടീമിന്‍റെ പരിശീലനം. കൊല്‍ക്കത്തയിലെ സെമിക്ക് ശേഷം വൈകിട്ടോടെ ആഹമ്മദാബാദിലെത്തിയ ഓസീസ് ടീമിനെ ആഘോഷത്തോടെയാണ് സ്വീകരിച്ചത്.

Team India trained at Ahmedabad stadium