ഫയല്‍ ചിത്രം (വലത്)

ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിനിടെ ശ്രീശാന്തുമായി കടുത്ത വാഗ്വാദത്തിലേര്‍പ്പെട്ട് ഗൗതം ഗംഭീര്‍. ഇന്ത്യ കാപിറ്റല്‍സും ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരത്തിനിടെയാണ് വാക്കേറ്റമുണ്ടായത്. ശ്രീശാന്തിനെ തുടര്‍ച്ചയായ പന്തുകളില്‍ ഫോറും സിക്സും പറത്തിയതിന് പിന്നാലെ ഗംഭീര്‍ അധിക്ഷേപിച്ചെന്നാണ് ആരാധകര്‍ പറയുന്നത്. വാക്കേറ്റം രൂക്ഷമായതിന് പിന്നാലെ അംപയര്‍മാരെത്തിയാണ് ഇരുവരെയും ശാന്തരാക്കിയത്. മല്‍സരത്തിന് ശേഷം ശ്രീശാന്ത് ഇന്‍സ്റ്റഗ്രാമിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുകയും ഗംഭീറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. 

 

മോശമായ പരാമര്‍ശങ്ങള്‍ തനിക്കെതിരെ നടത്തിയെന്നും തന്നെ അത് വളരെയധികം വേദനിപ്പിച്ചെന്നും ശ്രീശാന്ത് പറയുന്നു. ശ്രീശാന്തിനെ ഗംഭീര്‍ വാതുവയ്പുകാരനെന്ന് വിളിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. സഹപ്രവര്‍ത്തകരുമായി നിരന്തരം അടിപിടികൂടുകയും സെവാഗ് അടക്കമുള്ള മുതിര്‍ന്ന താരങ്ങളെ പോലും ബഹുമാനിക്കുകയും ചെയ്യാത്ത ഗംഭീറില്‍ നിന്ന് താന്‍ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു. 

 

യാതൊരു പ്രകോപനവുമില്ലാതെയാണ് പറയാന്‍ അരുതാത്ത വാക്കുകള്‍ ഗംഭീര്‍ ഉപയോഗിച്ചത്. തന്‍റെ കുടുംബവും നാടും പ്രിയപ്പെട്ടവരും ഒരുപാട് അനുഭവിച്ചുവെന്നും താന്‍ കുറ്റക്കാരനല്ലെന്നും നിങ്ങളുടെ പിന്തുണയോടെയാണ് ഞാനിന്ന് ഇവിടെയെത്തിയതെന്നും ശ്രീശാന്ത് ആരാധകരോടായി പറഞ്ഞു. എന്നാല്‍ ഒരു കാരണവുമില്ലാതെ ചിലര്‍ തന്നെ തളര്‍ത്താന്‍ നോക്കുകയാണെന്നും ഗംഭീര്‍ പറഞ്ഞതെന്താണെന്ന് പിന്നീട് വെളിപ്പെടുത്താമെന്നും അദ്ദേഹം സമൂഹ മാധ്യമ ലൈവില്‍ വ്യക്തമാക്കി. കളിക്കിടെ വിരാട് കോലിയെ കുറിച്ച് ചോദിച്ചാല്‍ മറ്റെന്തെങ്കിലും പറഞ്ഞ് ഒഴിയുകയാണ് ഗംഭീര്‍ ചെയ്യുന്നത്. കൂടുതലൊന്നും പറയുന്നില്ലെന്നും ഗംഭീറിനെതിരെ താന്‍ ഒരു മോശം വാക്കുപോലും ഉപയോഗിച്ചിട്ടില്ലെന്നും ശ്രീശാന്ത് പറഞ്ഞു. ഗംഭീറിന്‍റെ പെരുമാറ്റം ഞെട്ടിക്കുന്നതായിരുന്നുവെന്നാണ് ശ്രീശാന്തിന്‍റെ ഭാര്യ ഭുവനേശ്വരി പ്രതികരിച്ചത്.

 

മല്‍സരത്തില്‍ 30 പന്തുകളില്‍ നിന്നാണ് 52 റണ്‍സ് ഗംഭീര്‍ അടിച്ചുകൂട്ടിയത്.  20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ ഗംഭീറിന്‍റെ ടീം 223 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ഗുജറാത്തിന് 20 ഓവറില്‍ 211 റണ്‍സേ എടുക്കാനായുള്ളൂ. 

 

'He said things he shouldn't have said'  Sreesanth slams Gambhir