mohammed-shami-1

ഹര്‍ദിക് പാണ്ഡ്യക്ക് പരുക്കേറ്റതോടെ പകരക്കാരനായി എത്തി ലോകകപ്പിലെ ഇന്ത്യയുടെ ഹീറോയായി മാറുകയായിരുന്നു ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. ഏഴ് കളിയില്‍ നിന്ന് വീഴ്ത്തിയത് 24 വിക്കറ്റ്. എന്നാല്‍ ലോകകപ്പിന് ഇടയില്‍ മുഹമ്മദ് ഷമി വിവാദങ്ങളിലേക്കും വീണിരുന്നു. അതിനെ കുറിച്ച് പ്രതികരിക്കുകയാണ് താരം ഇപ്പോള്‍.

ശ്രീലങ്കക്കെതിരായ ലോകകപ്പ് മല്‍സരത്തില്‍ ഷമി അഞ്ച് വിക്കറ്റ് പിഴുതിരുന്നു. വിക്കറ്റ് നേട്ടത്തിന് പിന്നാലെ സുജൂദ് ചെയ്യുന്ന രീതിയില്‍ കുനിഞ്ഞതിന് ശേഷം ഷമി പിന്മാറി എന്ന നിലയില്‍ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണവുമായി എത്തി. എന്നാല്‍ തനിക്ക് സുജൂദ് ചെയ്യണം എങ്കില്‍ താന്‍ ചെയ്യുമായിരുന്നു എന്നും അത് ആര് തടയുമായിരുന്നു എന്നുമാണ് ഷമി ഇപ്പോള്‍ പ്രതികരിക്കുന്നത്. 

'ഞാന്‍ പ്രാര്‍ഥിക്കാന്‍ ആഗ്രഹിച്ചാല്‍ ആരാണ് എന്നെ തടയുക? പ്രാര്‍ഥിക്കുന്നതില്‍ നിന്ന് ആരെയും ഞാന്‍ തടയില്ല. എനിക്ക് പ്രാര്‍ഥിക്കണം എങ്കില്‍ ഞാന്‍ പ്രാര്‍ഥിക്കും. അതിലെന്താണ് പ്രശ്നം? മുസ്​ലീം ആണെന്ന് ഞാന്‍ അഭിമാനത്തോടെ പറയും. ഇന്ത്യക്കാരനാണ് എന്ന് ഞാന്‍ അഭിമാനത്തോടെ പറയും. അതിലെന്താണ് പ്രശ്നം', ഷമി ചോദിക്കുന്നു.

എനിക്ക് പ്രാര്‍ഥിക്കാന്‍ ആരോടെങ്കിലും അനുവാദം വാങ്ങണം എങ്കില്‍ പിന്നെ ഞാന്‍ ഈ രാജ്യത്ത് എന്തിനാണ്? അഞ്ച് വിക്കറ്റ് നേട്ടത്തിന് ശേഷം ഞാന്‍ ഇതിന് മുന്‍പ് പ്രാര്‍ഥിച്ചിട്ടുണ്ടോ? ഇല്ല. ഇന്ത്യയില്‍ എവിടേയും സുജൂദ് ചെയ്യാം. ഇവര്‍ക്ക് നമ്മളെ ബുദ്ധിമുട്ടിക്കുകയല്ലാതെ വേറെ ലക്ഷ്യമൊന്നുമില്ല. ഇക്കൂട്ടര്‍ എന്റെ കൂടെയുമില്ല, നിങ്ങളുടെ കൂടെയുമില്ല. അവര്‍ ആരെയും ഇഷ്ടപ്പെടുന്നില്ല. വിവാദങ്ങളിലാണ് അവര്‍ക്ക് താല്‍പര്യം. ഭൂമിയില്‍ വേറെ പണിയൊന്നുമില്ലാതെ വെറുതെയിരിക്കുന്ന ഇത്രയും ആളുകള്‍ ഉണ്ടോ എന്നും ആജ്തക്കിന് നല്‍കിയ അഭിമുഖത്തില്‍ ഷമി ചോദിക്കുന്നു. 

mohammed shami open up about controversies