ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയോടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ 11മാസത്തിനശേഷമുളള ഷമിയുട മടക്കം അനശ്ചിതത്വത്തിലന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാളിന്‍റെ രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കുള്ള സ്ക്വാഡില്‍ മുഹമ്മദ് ഷമിയുടെ പേര് ഉള്‍പ്പെടാതിരുന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
പരുക്കിനെ തുടര്‍ന്നാണോ അതോ മുന്‍കരുതല്‍ എന്ന നിലയിലാണോ ഷമിയെ ബംഗാളിന്‍റെ ആദ്യ രണ്ട് രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കുള്ള ടീമില്‍ പരിഗണിക്കലായിരുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. നിലവില്‍ എന്‍സിഎയില്‍ ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനുള്ള പരിശീലനത്തിലാണ് താരം. ഒക്ടോബര്‍ 11നാണ് രഞ്ജി ട്രോഫിയിലെ ബംഗാളിന്‍റെ ആദ്യ മത്സരം. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി എത്തുന്നതിന് മുന്‍പ് ഏതാനും ആഭ്യന്തരമത്സരങ്ങള്‍ കളിക്കാനുള്ള താത്പര്യം ഷമി അറിയിച്ചിരുന്നു.
എന്‍സിഎയില്‍ പരിശീലനം നടത്തുന്ന ഷമിയുടെ കാല്‍മുട്ടിന് വീണ്ടും പരുക്കേറ്റു എന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ പരുക്കില്‍ നിന്ന് മുക്തനാവാന്‍ ആറ് മുതല്‍ എട്ട് ആഴ്ച വരെ വേണ്ടിവരും എന്നാണ് ഒരു ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ച് ഷമി തന്നെ രംഗത്തെത്തി. തനിക്ക് വീണ്ടും പരുക്കേറ്റിട്ടില്ലെന്നും ഉടനെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി എത്താനുമാണ് ശ്രമിക്കുന്നത് എന്നുമാണ് ഷമി എക്സില്‍ കുറിച്ചത്.
'അടിസ്ഥാന രഹിതമായ അഭ്യൂഹങ്ങള്‍ വരുന്നത് എന്തു കൊണ്ടാണ്? തിരിച്ചുവരാനായി ഞാന്‍ കഠിനാധ്വാനം ചെയ്യുകയാണ്. ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി എനിക്ക് കളിക്കാനാവില്ലെന്ന് ഞാനോ ബിസിസിഐയോ പറഞ്ഞിട്ടില്ല. അനൗദ്യോഗികമായി വരുന്ന ഇത്തരം റിപ്പോര്‍ട്ടുകളില്‍ ശ്രദ്ധ കൊടുക്കരുത്', ഷമി എക്സില്‍ കുറിച്ചു. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. കണങ്കാലിന് പരുക്കേറ്റതിന തുടര്‍ന്നാണ് താരത്തിന് ഇത്രയും നാള്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്നത്. നവംബ്‍ 16നാണ് ന്യൂസിലന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.