ashish-nehra-yuvraj-singh

ഗുജറാത്ത് ടൈറ്റന്‍സ് ഫ്രാഞ്ചൈസിയുടെ ഭാഗമാക്കണം എന്ന തന്റെ ആവശ്യം പരിശീലകന്‍ ആശിഷ് നെഹ്റ നിരസിച്ചിരുന്നതായി ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്. ഐപിഎല്‍ ഫ്രാഞ്ചൈസിയില്‍ മെന്റര്‍ റോളില്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നു എന്ന് വ്യക്തമാക്കിയാണ് യുവരാജിന്റെ വാക്കുകള്‍. 

'ആശിഷ് നെഹ്റയോട് ഒരു ജോലിയെ കുറിച്ച് ഞാന്‍ ചോദിച്ചിരുന്നു. എന്നാല്‍ നെഹ്റ അത് നിഷേധിച്ചു. മറ്റ് എവിടെ ഒരു സ്ഥാനം ലഭിക്കും എന്ന് നോക്കാം. എന്നാല്‍ ഇപ്പോള്‍ ഞാന്‍ മക്കളുടെ കാര്യത്തിനാണ് പരിഗണന നല്‍കുന്നത്. വരും വര്‍ഷങ്ങളില്‍ ക്രിക്കറ്റിലേക്ക് തിരികെ വരാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. യുവ താരങ്ങളെ മികവിലേക്ക് എത്താന്‍ സഹായിക്കണം. എനിക്ക് ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ കഴിയും', യുവി പറയുന്നു. 

'മക്കള്‍ സ്കൂളില്‍ പോയി തുടങ്ങുമ്പോഴേക്കും എനിക്ക് കൂടുതല്‍ സമയം ലഭിക്കും. അതോടെ എനിക്ക് കോച്ചിങ് റോള്‍ ഏറ്റെടുക്കാം. എന്റെ സംസ്ഥാനത്തെ കളിക്കാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതാണ് സന്തോഷം. മെന്ററിങ് ഞാന്‍ ഇഷ്ടപ്പെടുന്നു. ഐപിഎല്‍ ടീമിന്റെ ഭാഗമാവാനും ആഗ്രഹിക്കുന്നതായും യുവി പറഞ്ഞു'. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെന്റര്‍ഷിപ്പ് റോളിലേക്കും താന്‍ ലക്ഷ്യം വെക്കുന്നതിന്റെ സൂചന യുവി നല്‍കുന്നു. 132 ഐപിഎല്‍ മല്‍സരങ്ങളാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോ കളിച്ചത്. നേടിയത് 2750 റണ്‍സും. പഞ്ചാബ് കിങ്സ്, ബാംഗ്ലൂര്‍, മുംബൈ ഇന്ത്യന്‍സ് ഉള്‍പ്പെടെയുള്ള ടീമുകളിലേക്ക് യുവി എത്തി. 

Asked for a job in gujarat titans but nehra denied, says yuvraj singh