mohammed-shami-brother

ക്രിക്കറ്റ് ലോകത്തേക്കുള്ള തന്റെ വരവ് ഗംഭീരമാക്കി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെ സഹോദരന്‍ മുഹമ്മദ് കൈഫ്. രഞ്ജി ട്രോഫിയില്‍ 14 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് കൈഫ് വീഴ്ത്തിയത്. പിന്നാലെ ഒന്‍പതാം സ്ഥാനത്ത് ബാറ്റിങ്ങിന് ഇറങ്ങിയ കൈഫ് പുറത്താവാതെ 45 റണ്‍സ് നേടി. ഉത്തര്‍പ്രദേശിന് എതിരായ ബംഗാളിന്റെ രഞ്ജി ട്രോഫി മല്‍സരത്തിലാണ് കൈഫ് മികവ് കാണിച്ചത്.

കൈഫിന്റെ ആദ്യ രഞ്ജി ട്രോഫി സീസണാണ് ഇത്. ബംഗാളിന്റെ രഞ്ജി ട്രോഫി ടീമില്‍ ഇടം നേടിയ സഹോദരനെ മുഹമ്മദ് ഷമി അഭിനന്ദിച്ചിരുന്നു. നൂറ് ശതമാനവും നല്‍കി കളിക്കുക. കഠിനാധ്വാനം തുടരുക എന്നാണ് സഹോദരനോട് ഷമി പറഞ്ഞത്. 

ബംഗാളിന് എതിരെ ഉത്തര്‍പ്രദേശിന്റെ ഒന്നാം ഇന്നിങ്സ് 60 റണ്‍സില്‍ അവസാനിച്ചിരുന്നു. 5.5 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയ നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് കൈഫിന്റെ ഇക്കണോമി റേറ്റ് 2.40 മാത്രമാണ്. പിന്നാലെ ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ വാലറ്റത്ത് നിന്ന് ബംഗാളിനായി നിര്‍ണായക റണ്‍സ് സ്കോര്‍ ചെയ്യാനും കൈഫിനായി. 79 പന്തില്‍ നിന്ന് നാല് ഫോറും രണ്ട് സിക്സും ഉള്‍പ്പെട്ടതായിരുന്നു കൈഫിന്റെ ഇന്നിങ്സ്. 

Mohammed Shami's brother brilliant performance in ranji trophy