r-ashwin

ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് രാജ്കോട്ട് ടെസ്റ്റില്‍ നിന്നും രവിചന്ദ്രന്‍ അശ്വിന്‍റെ പിന്‍മാറ്റം. കുടുംബത്തിലെ ആരോഗ്യ കാര്യങ്ങളെ തുടര്‍ന്നാണ് തമിഴ്‍നാട് താരം പിന്മാറിയത് എന്നാണ് ബിസിസിഐ അറിയിക്കുന്നത്. മല്‍സരമധ്യേയുള്ള താരത്തിന്‍റെ പിന്മാറ്റം ഇന്ത്യന്‍ ടീമിന്‍റെ മുന്നോട്ടുള്ള സാധ്യതകളെ കാര്യമായി ബാധിക്കും. അശ്വിന് പകരക്കാരനെ അനുവദിക്കാനാകില്ലെന്നതിനാല്‍ തുടര്‍ന്നുള്ള ഇന്നിങ്സുകള്‍ ഇന്ത്യന്‍ ടീമിന് 10 പേരെ വെച്ച് പൂര്‍ത്തിയാക്കേണ്ടതായി വരും. 

അശ്വിന്‍ പിന്‍മാറാന്‍ കാരണമെന്ത്?

കുടുംബത്തിലെ ആരോഗ്യ കാരണങ്ങളാല്‍ രവിചന്ദ്ര അശ്വിന്‍ ടെസ്റ്റ് സ്ക്വാഡില്‍ നിന്നും പിന്മാറുന്നു. അശ്വിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ പിന്തുണ അറിയിക്കുന്നു. താരത്തിന്‍റെയും കുടുംബത്തിന്‍റെയും ആരോഗ്യവും സൗഖ്യവും പ്രധാനപ്പെട്ടതാണെന്നായിരുന്നു എന്നാണ് ബിസിസിഐയുടെ പ്രസ്താവന. അശ്വിന്‍റെ പിന്മാറ്റവുമായി ബന്ധപ്പെട്ട് ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ കുടുംബത്തിലെ ആരോഗ്യ കാരണം വിശദമാക്കുന്നില്ല. ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല പിന്നീട് എക്സിലിട്ട കുറിപ്പില്‍ അശ്വിന്‍റെ അമ്മയാണ് ചികിത്സയിലെന്ന സൂചന നല്‍കുന്നുണ്ട്. 

 

10 താരങ്ങളുമായി ടീം ഇന്ത്യ

അശ്വിന്‍റെ പിന്മാറ്റത്തോടെ 10 താരങ്ങളുമായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരെ കളിക്കണം. ക്രിക്കറ്റ് നിയമപ്രകാരം അശ്വിന് പകരം ഫീല്‍ഡില്‍ മാത്രമെ മറ്റൊരു താരത്തെ ഉപയോഗപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുകയുള്ളു. ഇദ്ദേഹത്തിന് ബാറ്റ് ചെയ്യാനോ ബോള്‍ ചെയ്യാനോ സാധിക്കില്ല. ഫലത്തില്‍ 10 പേരുമായി ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ബാക്കി ഇന്നിംഗ്സുകള്‍ പൂര്‍ത്തിയാക്കണം. ഇതോടെ ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബൂമ്ര, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, രവീചന്ദ്ര അശ്വിന്‍ എന്നിങ്ങനെ നാല്  പ്രധാന ബൗളര്‍മാര്‍ മാത്രമായി ചുരുങ്ങും. 

തിരിച്ചടിച്ചത് നിയമം

മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബിന്‍റെ (എംസിസി) നിയമ പ്രകാരം എതിര്‍ ടീം ക്യാപ്റ്റന്‍ അംഗീകരിക്കുകയാണെങ്കില്‍ ഏത് സമയത്തും ടീമുകള്‍ക്ക് ഒരു താരത്തെ പകരമായി ഉപയോഗിക്കാം. അതേസമയം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് നിയമ പ്രകാരം ടോസിന് ശേഷമോ, ടീം പ്രഖ്യാപനത്തിന് ശേഷമോ താരത്തെ മാറ്റാം. എന്നാലിത് മല്‍സരം ആരംഭിക്കുന്നതിന് മുന്‍പ് മാത്രമെ അനുവദിക്കുകയുള്ളൂ. അപകടമുണ്ടാകുന്ന ഘട്ടത്തിലോ കോവിഡ് സ്ഥിരീകരിച്ചാലോ മാത്രമെ താരത്തെ മത്സരത്തിനിടെ മാറ്റുന്നതിന് നിയമം അനുവദിക്കുന്നൂള്ളൂ. 

ബൗളിംഗ് ഓള്‍റൗണ്ടറായ അശ്വിന്‍ ബാറ്റിങിലും പിന്നിലല്ല. രാജ്കോട്ട് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ നാല് ബൗണ്ടറി ഉള്‍പ്പടെ 37 റണ്‍സാണ് അശ്വിന്‍ നേടിയത്. ആദ്യ ടെസ്റ്റില്‍ ആറും രണ്ടാം ടെസ്റ്റില്‍ മൂന്നു വിക്കറ്റും അശ്വിന്‍ നേടിയിരുന്നു. മൂന്നാം ദിവസം അശ്വിന് പകരക്കാരനായി ദേവദത്ത് പടിക്കലാണ് ഫീല്‍ഡിലുള്ളത്.

India Cannot Replace Ravichandran Ashwin In Rajkot Test, Heres What Test Rule Says