kerala-bengaluru

ബെംഗളൂരു- കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തിന് സാധാരണ ഐഎസ്എല്‍ മല്‍സരങ്ങള്‍ക്കപ്പുറം ആവേശം അധികമാണ്. സുനില്‍ ഛേത്രിയുടെ വിവാദ ഗോളിന് ശേഷം ബെംഗളൂരുവില്‍ കേരള ബ്ലാസ്റ്റേഴ്സ് കളിക്കാനെത്തുമ്പോള്‍ കളത്തിനപ്പുറമാണ് ആവേശം. ശനിയാഴ്ച 7.30 തിന് ബെംഗളൂരുവിലെ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മല്‍സരമെങ്കിലും സമൂഹ മാധ്യമങ്ങളില്‍ പോരാട്ടം തുടങ്ങി കഴിഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ ആദ്യ ഗോളടിക്കാനുള്ള ബെംഗളൂരു എഫ്സിയുടെ ശ്രമം പൊളിച്ച് മികച്ച മുന്നേറ്റത്തോടെ കേരള ടീം രണ്ട് ഗോള്‍ ബംഗളൂരുവിന്‍റെ പോസ്റ്റിലേക്ക് ആദ്യമെ കയറിയെന്ന് പറയാം.

കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സുമായുള്ള ഹോം മല്‍സരത്തില്‍ സുനില്‍ ഛേത്രി നേടിയ വിവാദ ഗോള്‍ അടങ്ങുന്ന വീഡിയോ പങ്കുവെച്ച് ബെംഗളൂരു എഫ്സിയാണ് മൈതാനത്തിന് പുറത്തെ പോരാട്ടത്തിന് തുടക്കമിട്ടത്. 'സുനില്‍ ഛേത്രി ചിലരുടെ ഹൃദയം നുറുക്കി പക്ഷേ നിയമമല്ല' എന്ന് കുറിപ്പോടെയാണ് ഗോള്‍ ഉള്‍കൊള്ളന്ന വിഡീയോ പങ്കിട്ടത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഒന്ന് ചൊടിപ്പിക്കുകയാണ് ലക്ഷ്യമെന്നത് കൃത്യം. എന്നാല്‍ കനത്തിലൊരു മറുപടി ബംഗളൂരു ടീമിന് ബ്ലാസ്റ്റേഴ്സിന്‍റെ വകയായി കിട്ടിയിട്ടുണ്ട്. 

സുനില്‍ ഛേത്രിയുടെ ഗോളിനൊപ്പം മമ്മൂട്ടിയുടെ ഒരു പഞ്ച് ഡയലോഗും ചേര്‍ത്താണ് ബ്ലാസ്റ്റേഴ്സിന്‍റെ മറുപടി. 'മനുഷ്യനാവെടാ ആദ്യം, എന്നിട്ടാകാം നിലയും വിലയും. അതും സൂത്രത്തില്‍ ഉണ്ടാക്കുകയല്ല വേണ്ടത് സ്വയം ഉണ്ടാവട്ടെ, അതാ കഴിവ്' എന്നാണ് ഛേത്രി ഗോളടിക്കുന്ന വീഡിയോയുടെ വോയിസ് ഓവര്‍. കിട്ടിയോ ഇല്ല... ചോദിച്ചു വാങ്ങി എന്ന് പറയാം. 

വീഡിയോയില്‍ നിലവിലെ സീസണില്‍ ഹോം മാച്ചില്‍ ബ്ലാസ്റ്റേഴ്സിനായി അഡ്രിയാന്‍ ലൂണ നേടുന്ന വിജയ ഗോളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗുര്‍പ്രീത് സിങ് സന്ദുവിന്‍റെ പിഴവില്‍ നേടുന്ന രണ്ടാം ഗോളോടെ ഹോം മാച്ചില്‍ 2–1 ന്  ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. വീഡിയോ അവസാനിക്കുന്നത് നടന്‍ മുകേഷിന്‍റെ മാസ്റ്റര്‍ പീസ് ഡയലോഗോടെയാണ്. 'എടാ അന്തസ് വേണമെടാ മനുഷ്യനായാല്‍' എന്ന മാസ് ഡയലോഗോടെയാണ്. 

ബെംഗളൂരുവിലെ മല്‍സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും സൂപ്പര്‍ കപ്പിലും ഐഎസ്എല്ലിലും നേര്‍ക്കുനേര്‍ വന്നെങ്കിലും വിലക്ക് കാരണം കോച്ച് ഇവാന്‍ വുക്കോമനോവിച്ചുണ്ടായിരുന്നില്ല. കോച്ചിന് മുന്നില്‍ ജയിക്കാനുള്ള അവസരം കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സിന്. എഫ്സി ഗോവയ്ക്കെതിരെ കൊച്ചിയില്‍ കണക്ക് തീര്‍ത്താണ് കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിലേക്ക് വണ്ടി കയറുന്നത്. 4-2 നായിരുന്നു ബ്ലാസ്റ്റേഴ്സ് ഗോവയെ തോല്‍പ്പിച്ചത്. 

നിലവില്‍ 29 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. 18 പോയിന്‍റുള്ള ബെംഗളൂരു എഫ്സി ഒന്‍പതാം സ്ഥാനത്താണ്. അതേസമയം കഴിഞ്ഞ അഞ്ച് മല്‍സരങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് ഇരു ടീമുകളും ജയിച്ചത്. മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് രണ്ട് മല്‍സരങ്ങള്‍ വിജയിച്ചത്. 

Bengaluru fc and Kerala blasters face to face on social media ahead of ISL match