bcci-contract

ഐപിഎല്ലാണോ രാജ്യത്തിന് വേണ്ടി കളിക്കുന്നതാണോ വലുതെന്ന ചര്‍ച്ച് ഉയര്‍ന്ന് നില്‍ക്കുമ്പോഴാണ് ബിസിസിഐ 2023-24 സീസണിലെ വാര്‍ഷിക കരാര്‍ പുറത്ത് വരുന്നത്. ഇന്ത്യന്‍ ടീമില്‍ നിന്നും മാറി നിന്ന സമയത്ത് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാതിരുന്ന ഇഷാന്‍ കിഷനും ശ്രേയസ് അയ്യറും കരാറിന് പുറത്താണ്. എ പ്ലസ് താരങ്ങള്‍ക്കും എ ഗ്രേഡ് താരങ്ങള്‍ക്കും ബിസിസിഐ കരാറിനേക്കാള്‍ ശമ്പളം ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്നുണ്ട്.

 

7 കോടി രൂപയുടെ ഗ്രേഡ് എപ്ലസ് കരാറിലുള്ള രോഹിത് ശര്‍മയ്ക്ക് മുംബൈ ഇന്ത്യന്‍സ് നല്‍കുന്നത് 16 കോടി രൂപയാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വിരാട് കോഹ്‍ലിക്ക് 15 കോടി രൂപയാണ് വര്‍ഷത്തില്‍ നല്‍കുന്നത്.  5 കോടി രൂപയുടെ ഗ്രേഡ് എ കരാറിലുള്ള കെ.എല്‍. രാഹുലിന് 17 കോടി രൂപയാണ് ലഖ്നൗ സൂപ്പര്‍ ജെയ്ന്‍റ്സ് നല്കുന്നത്.  ആദ്യമായി കരാറിലേക്ക് എത്തിയവര്‍ക്കും ഐപിഎല്ലിനേക്കാള്‍ കരാറില്‍ നിന്ന് സമ്പാദിക്കുന്നവര്‍ക്കും ഈ അവസരം ലാഭമാണ്.  ആറ് ഇന്ത്യന്‍ താരങ്ങള്‍ ഇക്കൂട്ടത്തിലുള്ളവരാണ്. 

 

 

കുല്‍ദീപ് യാദവ്

 

ബിസിസിഐ കരാറില്‍ നിന്ന് ഐപിഎല്ലിനേക്കാള്‍ വരുമാനം ഉണ്ടാക്കുന്ന  ഗ്രേഡ് ബി കരാറുള്ള ഏക താരം കുല്‍ദീപ് യാദവാണ്. ഗ്രേഡ് ബി കരാറില്‍ ഉള്‍പ്പെട്ടതാരത്തിന് 3 കോടി രൂപ ലഭിക്കും. അതേസമയം ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ താരമായ കുല്‍ദീപിനെ 2022 ലെ മെഗാ ലേലത്തില്‍ രണ്ട് കോടിക്കാണ് ടീം സ്വന്തമാക്കിയത്. ഇതേ കരാറാണ് നിലവില്‍ തുടരുന്നതും.

 

റിങ്കു സിങ് 

 

ആദ്യമായാണ് റിങ്കു സിങ് ബിസിസിഐയുടെ വാര്‍ഷിക കരാറിന്‍റെ ഭാഗമാകുന്നത്. ഗ്രേഡ് സി വിഭാഗത്തില്‍ ഉള്‍പ്പെട്ട താരത്തിന് ഒരു കോടി രൂപ ലഭിക്കും.  മികച്ച ട്വന്‍റി20 ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ റിങ്കു സിങിനെ 2022 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത് 55 ലക്ഷത്തിനാണ്.  

 

രജത് പാട്ടിദാർ

 

ഒരു ഏകദിനവും മൂന്ന് ടെസ്റ്റും കളിച്ച് മല്‍സര പരിചയമുള്ള  രജത് പാട്ടിദാർ ഇത്തവണയാണ് ആദ്യമായി ബിസിസിഐ കരാറിലെത്തുന്നത്. ബിസിസിഐയുടെ ഗ്രേഡ് സി കരാറില്‍ ഉള്‍പ്പെട്ട താരത്തിന് 1 കോടി രൂപ ലഭിക്കും. ഐപിഎല്ലില്‍ 2022 ലെ കരാര്‍ പ്രകാരം 20 ലക്ഷം രൂപയാണ് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് രജതിന് നല്‍കുന്ന ശമ്പളം.

 

ജിതേഷ് ശര്‍മ

 

2024 ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പിങില്‍ ഒന്നാം നമ്പര്‍ ചോയിസാണ്  ജിതേഷ് ശര്‍മ. ബിസിസിഐ കരാര്‍ പ്രകാരം ഒരു കോടി രൂപ താരത്തിന് ലഭിക്കും. ഐപിഎല്ലില്‍ പഞ്ചാബ് താരമായ ജിതേഷിന് 20 ലക്ഷമാണ് ടീം നല്‍കുന്നത്.  

 

സര്‍ഫറാസ് ഖാന്‍

 

ഐപിഎല്ലില്‍ വിറ്റുപോകാത്ത താരമാണ് സര്‍ഫറാസ് ഖാന്‍. ധരംശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റ് കളിച്ചാല്‍ സര്‍ഫറാസ് ഖാനും ബിസിസിഐയുടെ ഗ്രേഡ് സി കരാര്‍ ലഭിക്കും. 1 കോടി രൂപ ഇതുവഴി ലഭിക്കും.

 

ധ്രുവ് ജെറുല്‍

 

സമാനമാണ് ധ്രുവ് ജെറുലിന്‍റെ കാര്യവും. ധരംശാലയില്‍ കളിച്ചാല്‍ 1 കോടി ലഭിക്കുന്ന ഗ്രേഡ് സി കരാറിന്‍റെ ഭാഗമാകാന്‍ താരത്തിനാകും. 2022 ല്‍ രാജസ്ഥാന്‍ റോയല്‍സ് താരത്തെ സ്വന്തമാക്കിയത് 20 ലക്ഷം രൂപയ്ക്കാണ്.