robin-minz

ഗുജറാത്ത് ടൈറ്റന്‍സ് താരം റോബിന്‍ മിന്‍സിന് വാഹനാപകടത്തില്‍ പരുക്ക്. റോബിന്‍ മിന്‍സ് ബൈക്ക് അപകടത്തില്‍പ്പെട്ട വാര്‍ത്ത താരത്തിന്റെ പിതാവ് സ്ഥിരീകരിച്ചു. റോബിന്റെ പരുക്ക് ഗുരുതരമല്ലെന്നും നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും പിതാവ് പറഞ്ഞു. 

റോബിന്‍ മിന്‍സ് ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കവസാക്കി സൂപ്പര്‍ബൈക്കിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. റോബിന്റെ വലത് കാല്‍മുട്ടിന് പരുക്കുണ്ട്. വരുന്ന ഐപിഎല്‍ സീസണില്‍ റോബിന്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് പരുക്ക് വില്ലനാവുന്നത്. 

ഐപിഎല്ലിലേക്ക് എത്തുന്ന ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ താരമായ റോബിന്‍ മിന്‍സിനെ 3.60 കോടി രൂപയ്ക്കാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ധോനിയുടെ കടുത്ത ആരാധകന്‍ കൂടിയായ റോബിന്‍ കൂറ്റനടികളുമായാണ് ശ്രദ്ധ പിടിച്ചത്. ധോനിയുടെ പരിശീലകനായ ചഞ്ചല്‍ ഭട്ടാചാര്യയാണ് റോബിനേയും പരിശീലിപ്പിച്ചത്.

റോബിന്‍ മിന്‍സിനെ മുംബൈ ഇന്ത്യന്‍സ് യുകെയിലേക്ക് അയച്ച് പരിശീലിപ്പിച്ചിരുന്നു. റാഞ്ചി സ്വദേശിയായ റോബിന്‍ ഇതുവരെ ജാര്‍ഖണ്ഡിനായി ഫസ്റ്റ് ക്ലാസ് മല്‍സരം കളിച്ചിട്ടില്ല. എന്നാല്‍ ജാര്‍ഖണ്ഡിന്റെ അണ്ടര്‍ 19, അണ്ടര്‍ 25 ടീമുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുന്‍ സൈനികനായിരുന്നു റോബിന്റെ പിതാവ്. ബിര്‍സ മുണ്ട വിമാനത്താവളത്തില്‍ സുരക്ഷ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണ് നിലവില്‍ റോബിന്റെ പിതാവ്. റാഞ്ചി ടെസ്റ്റിന് ശേഷം മടങ്ങുമ്പോള്‍ വിമാനത്താവളത്തില്‍ വെച്ച് റോബിന്റെ പിതാവിനെ ശുഭ്മാന്‍ ഗില്‍ കണ്ടിരുന്നു. 

Gujarat Titans star Robin Minz meets with accident