ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണ്‍ മാര്‍ച്ച് 22 മുതല്‍ ആരംഭിക്കുകയാണ്. ടി20 ലോകകപ്പ് ടീമിലേക്കുള്ള വഴിയാണ് ഇത്തവണത്തെ ഐപിഎല്‍. അതിനാല്‍ തന്നെ യുവതാരങ്ങള്‍ക്കിടയില്‍ ടീമില്‍ കയറിപറ്റാനുള്ള മല്‍സരം നടക്കുമെന്ന് ഉറപ്പ്. മലയാളി താരമായ സഞ്ജു സാംസണും ഈ 'മല്‍സര'ത്തിലുണ്ട്. ഐപിഎല്‍ മല്‍സരത്തിന് മുന്‍പ് സഞ്ജുവിന് ഉപദേശങ്ങള്‍ നല്‍കുകയാണ് മലയാളി ക്രിക്കറ്റ് താരങ്ങളായ ടിനു യോഹന്നാനും ശ്രീശാന്തും. ഐപിഎല്ലിന്‍റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍ കൊച്ചിയില്‍ ഒരുക്കിയ വേദിയിലാണ് കേരളത്തിന്‍റെ മൂന്ന് താരങ്ങളും ഒരുമിച്ചത്.
രാഹുല്‍ ദ്രാവിഡിന് സഞ്ജുവിനെ പരിചയപ്പെടുത്തിയതിലെ തമാശ ശ്രീശാന്ത് പങ്കുവെച്ചു. അന്ന് ഒരോവറില്‍ സഞ്ജു തന്നെ ആറ് സിക്സ് അടിച്ചെന്ന് പറഞ്ഞത് നുണയായിരുന്നുവെന്ന് ശ്രീശാന്ത് പറഞ്ഞു. അന്ന് പറഞ്ഞൊരു കള്ളം സത്യമായി മാറിയില്ലേ? എന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരത്തിന്‍റെ വാക്കുകള്‍. സഞ്ജുവിനെ കണ്ട കാലത്ത് തന്നെ താരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ശ്രീശാന്ത് പറഞ്ഞു.
''മലയാളിയുടെ ധൈര്യവും വാശിയും സഞ്ജുവിന്‍റെ കയ്യിലുണ്ട്. അത് അവന്‍റെ കണ്ണിലുണ്ട്. ഞാനും ഈ കളി കളിച്ചയാളാണ്. അന്ന് കണ്ടപ്പോഴെ സഞ്ജു താരമാകുമെന്ന് എനിക്ക് അറിയാമായിരുന്നു'', ശ്രീശാന്ത് പറഞ്ഞു. ''അന്ന് ദ്രാവിഡ് ഭായിയോട് പറഞ്ഞത്, ഓരോവറില്‍ എന്നെ ആറു സിക്സ് അടിച്ചവനാണ്, അവന്‍ ആരെയും അടിക്കും എന്നാണ്. അത് നുണയായിരുന്നു. എന്നാല്‍ ഇന്ന് സഞ്ജുവിന് പറ്റും. അന്ന് പറഞ്ഞ നുണ ഇന്ന് സത്യമായില്ല. ഇവന്‍ ഇപ്പോള്‍ എല്ലാവരെയും സികസറിടിക്കുകയാണ്'' എന്നിങ്ങനെയായിരുന്നു ശ്രീശാന്തിന്‍റെ വാക്കുകള്‍.
രണ്ടു പേരും പുതിയ സീസണിന് മുന്നോടിയായി സഞ്ജുവിന് ഉപദേശങ്ങളും കൈമാറി. ''സുവര്‍ണകാലം വരുകയാണ്, എന്‍ജോയ് ചെയ്യൂ' എന്നായിരുന്നു ടിനു യോഹന്നാന്‍റെ വാക്കുകള്‍. ''സഞ്ജുവിന് ഉപദേശങ്ങളൊന്നും വേണ്ട, ഇവന് എല്ലാം അറിയാം. ഇപ്പോ ചെയ്യുന്നത് തന്നെ ചെയ്യൂ, കപ്പടിക്കു'' എന്നായിരുന്നു ശ്രീശാന്തിന്‍റെ ഉപദേശം.
ശ്രീഭായിയുടെ വാക്കുകള്‍ ഇങ്ങനെയാണെങ്കിലും വാട്സ് ആപ്പില്‍ ഒരുപാട് ഉപദേശങ്ങള്‍ അയക്കാറുണ്ടെന്ന് സഞ്ജു പറഞ്ഞു. ടിനു ചേട്ടനില്‍ നിന്നാണ് ശ്രീഭായ്ക്ക് പ്രചോദനം. ഇവര്‍ രണ്ടു പേരില്‍ നിന്നും പ്രചോദനമായാണ് ഞാന്‍ കളിച്ചത്. ഇതിങ്ങനെ കൈമാറി വരുകയാണ്. ആരെങ്കിലും എന്നില്‍ നിന്ന് പഠിച്ച് ഇന്ത്യയ്ക്ക് വേണ്ടി കളിക്കട്ടെയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഞ്ജു പറഞ്ഞു.
Sreesanth belives Sanju Samson will the IPL tittle this season