പാക്കിസ്ഥാൻ താരങ്ങളെ ഐപിഎല്ലിൽ കളിപ്പിക്കാൻ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തണമെന്ന് പാക്കിസ്ഥാൻ മുൻ താരം സഹീർ അബ്ബാസ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടാൽ പാക്ക് താരങ്ങൾക്കും ഐപിഎൽ കളിക്കാൻ സാധിക്കുമെന്നും ഇന്ത്യ പാക്കിസ്ഥാനിൽ ക്രിക്കറ്റ് കളിക്കാൻ വരുമെന്നും സഹീർ അബ്ബാസ് വ്യക്തമാക്കി. ‘ഇന്ത്യ പാക്കിസ്ഥാനിലേക്കു വന്നിട്ടില്ല. പിന്നെങ്ങനെ പാക്കിസ്ഥാൻ‌ ഇന്ത്യയിലേക്കു പോകണമെന്ന് അവർക്കു പറയാനാകും. ഇതു തുടർന്നാൽ ക്രിക്കറ്റിന് യാതൊരു ഗുണവുമുണ്ടാകില്ല. ഇന്ത്യയും പാക്കിസ്ഥാനും പരമ്പരകൾ കളിക്കണം. പാക്കിസ്ഥാനിൽ ഇന്ത്യ കളിച്ചിട്ടു വർഷങ്ങളായി. പാക്കിസ്ഥാന് ഇപ്പോൾ പുതിയ പ്രധാനമന്ത്രിയുടെ ഷഹബാസ് ഷെരീഫ്, ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പിനു ശേഷം പുതിയ സർക്കാർ വരുമ്പോൾ അവരുമായി ചർച്ച നടത്തണം. ഇന്ത്യ കളിക്കാൻ വരുന്നതിൽ പാക്കിസ്ഥാനിലെ ആരാധകർക്കു സന്തോഷമാണുണ്ടാകുക. നേരത്തേ ഇന്ത്യൻ ടീമിനു മികച്ച സ്വീകരണമാണ് ഇവിടെ ലഭിച്ചിട്ടുള്ളതെന്നും സഹീർ അബ്ബാസ് വ്യക്തമാക്കി. നിലവിൽ ഐസിസി ടൂർണമെന്റുകളിൽ മാത്രമാണു രണ്ടു ടീമുകളും നേർക്കുനേർ വരുന്നത്.