വനിതകളുടെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താനെ തകർത്ത് ഇന്ത്യ സെമി സാധ്യത നിലനിർത്തി. യു.എ.ഇയിലെ നിറഞ്ഞു കവിഞ്ഞ ഗാലറിയെ സാക്ഷി നിർത്തിയായിരുന്നു ഇന്ത്യയുടെ ജയം. പ്രതീക്ഷ നിലനിർത്താൻ വിജയം അനിവാര്യമായ മത്സരത്തിൽ ഹർമൻപ്രീത് കൗറും സംഘവും പാക്കിസ്ഥാനെ വീഴ്ത്തിയത് ആറു വിക്കറ്റിന്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 105 റൺസ്. മറുപടി ബാറ്റിങ്ങിൽ വേഗത കുറവായിരുന്നെങ്കിലും ഏഴു പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി.
35 പന്തിൽ മൂന്നു ഫോറുകൾ സഹിതം 32 റൺസെടുത്ത ഓപ്പണർ ഷഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 24 പന്തിൽ ഒരു ഫോർ സഹിതം 29 റൺസെടുത്ത് റിട്ടയേർഡ് ഹർട്ടായി മടങ്ങി. 28 പന്തിൽ ഒരു ബൗണ്ടറി പോലും കൂടാതെ 23 റൺസെടുത്ത ജമീമ റോഡ്രിഗസാണ് മികച്ച സംഭാവന നൽകിയ മറ്റൊരു താരം.
ജയിച്ചെങ്കിലും ആദ്യ മത്സരത്തിൽ നേരിട്ട കനത്ത തോൽവിയോടെ ഇടിഞ്ഞുപോയ റൺറേറ്റ് ഉയർത്താൻ ഈ മത്സരത്തിൽ കാര്യമായ ശ്രമം നടത്താതിരുന്നത് ടീമിന്റെ മുന്നേറ്റ സാധ്യയെ ബാധിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും. വിജയത്തിന്റെ വക്കിൽ ക്രീസിൽ നിലതെറ്റിവീണ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ തിരികെ കയറിയതും ഇന്ത്യയ്ക്ക് ആശങ്കയ്ക്ക് വക നൽകുന്നു.