ruturaj-ipl

ക്യാപ്റ്റന്‍സി മാറ്റത്തിന്റെ പേരില്‍ മുംബൈ ഇന്ത്യന്‍സില്‍ ഉയര്‍ന്ന അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ ക്യാപ്റ്റന്‍സി കൈമാറ്റം ചെന്നൈ സൂപ്പര്‍ കിങ്സില്‍ വളരെ ശാന്തമാണ്. പുതിയ ക്യാപ്റ്റന് കീഴില്‍ ആദ്യ രണ്ട് കളിയും ജയിച്ച് പോയിന്റ് പട്ടികയില്‍ ചെന്നൈ ഒന്നാമതെത്തി കഴിഞ്ഞു. ഗുജറാത്തിനെ 63 റണ്‍സിന് തോല്‍പ്പിച്ച കളിയില്‍ ചെന്നൈ നായകന്‍ ഋതുരാജ് ഗയ്കവാദില്‍ നിന്ന് വന്നൊരു നീക്കമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച. 

ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ ബാറ്റിങ് ഓര്‍ഡറില്‍ ഋതുരാജ് ഒരു മാറ്റം പരീക്ഷിച്ചു. ക്രീസിലേക്ക് ഇറങ്ങാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു രവീന്ദ്ര ജഡേജ. 19ാം ഓവര്‍ എറിയാനെത്തിയത് റാഷിദ് ഖാനും. എന്നാല്‍ രവീന്ദ്ര ജഡേജയ്ക്ക് പകരം ഇരുപതുകാരന്‍ സമീര്‍ റിസ്വിയെ ഇറക്കുകയായിരുന്നു ഋതുരാജ്. 

റിസ്വിയെ ജഡേജയ്ക്കും മുന്‍പ് ക്രീസിലേക്ക് അയക്കുന്നതിന് മുന്‍പ് ഋതുരാജ് ഇക്കാര്യം ഡഗൗട്ടിലിരിക്കുന്ന മുന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണിയോടും ചോദിച്ചു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സില്‍ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് വേണ്ട ബഹുമാനം ഹര്‍ദിക് നല്‍കുന്നില്ലെന്ന വിമര്‍ശനം ഉയരുമ്പോള്‍ ചെന്നൈയില്‍ ധോണിക്കൊപ്പം നിന്ന് വളരുകയാണ് ഋതുരാജ് എന്നാണ് ആരാധകരുടെ വാക്കുകള്‍.

rizwi-1

ഗുജറാത്തിനെതിരെ റിസ്വിയുടെ ബാറ്റിങ്. ഫോട്ടോ: എഎഫ്പി

ജഡേജയ്ക്കും മുന്‍പേ റിസ്വിയെ ഇറക്കാനുള്ള ഋതുരാജിന്റെ തീരുമാനം തെറ്റിയില്ല. ചെന്നൈയുടെ ഇന്നിങ്സിന്റെ അവസാന ഘട്ടത്തില്‍ രണ്ട് സിക്സുകള്‍ റിസ്വിയില്‍ നിന്ന് വന്നു. 6 പന്തില്‍ നിന്ന് 14 റണ്‍സ് ആണ് റിസ്വി എടുത്തത്. 8.40 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കിയ താരമാണ് റിസ്വി. ബാംഗ്ലൂരിന് എതിരെ ആദ്യ മല്‍സരത്തിലും റിസ്വി ചെന്നൈ പ്ലേയിങ് ഇലവനില്‍ ഇടംനേടിയിരുന്നു.

Ruturaj sent Rizvi ahead of Ravindra Jadeja against Gujarat Titans