124 ദേശീയ താരങ്ങളെയും 220 സംസ്ഥാന താരങ്ങളെയും ഒരു രാജ്യാന്തര താരത്തെയും വളർത്തിയെടുക്കുകയെന്ന അസാധാരണ നേട്ടം സ്വന്തമാക്കിയ ക്ലബ് ആണ് തൃശൂർ വരന്തരപ്പിള്ളി വരാക്കര റെഡ്ലാൻഡ്സ് വോളിബോൾ സെന്റർ. മനോരമ ക്ലബ് അവാർഡ്സ് 2023 ഫൈനലിസ്റ്റുകളായ വരന്തരപ്പിള്ളിയുടെ വോളിക്കളരിയെ കുറിച്ച് അറിയാം ഇനി. സാന്റ മോണിക്ക സ്റ്റഡി അബ്രോഡിന്റെ സഹകരണത്തോടെയാണ് കേരളത്തിലെ മികച്ച ക്ലബ്ബുകൾക്ക് മലയാള മനോരമ പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്.
7 കുട്ടികളുമായി 12 വർഷം മുൻപു റെഡ്ലാൻഡ്സ് വോളിബോൾ സെന്റർ ആരംഭിക്കുമ്പോൾ വരന്തരപ്പിള്ളിയുടെ വോളിബോൾ പെരുമ നിറംമങ്ങിയ കാലമായിരുന്നു. രാജ്യാന്തരതാരം സിറിൽ സി. വള്ളൂരിനു ജന്മംനൽകിയ നാട്ടിൽ വോളിബോൾ ഇല്ലാതാകുമോ എന്ന ചോദ്യത്തിന്റെ പ്രസക്തി ഇല്ലാതാക്കി കുതിച്ചുയർന്നു പിന്നീട് റെഡ്ലാൻഡ്സ്. ഉന്നത നിലവാരത്തിലുള്ള ഇൻഡോർ കോർട്ടടക്കം 2 വോളി കോർട്ടുകളും ഹോസ്റ്റൽ, വിദ്യാഭ്യാസ, പരിശീലന സൗകര്യങ്ങളും സൗജന്യമായി നൽകിയാണ് കുട്ടികളെ പരിശീലിപ്പിക്കുന്നത്.
വ്യവസായിയായ ആഷ്ലിൻ ആന്റണി ചെമ്മണ്ണൂരിന്റെ മനസ്സിൽ വിരിഞ്ഞ ആശയമാണ് 2012ൽ റെഡ്ലാൻഡ്സ് സെന്ററായി രൂപംകൊണ്ടത്. കൊൽക്കത്തയിൽ നിന്നു ദേശീയ വോളിബോൾ കിരീടം നേടി മടങ്ങുന്ന കേരള ടീം ജനറൽ കംപാർട്മെന്റിൽ ദുരിതയാത്ര നടത്തുന്ന ദൃശ്യം നേരിട്ടു കാണേണ്ടിവന്നതാണ് ആഷ്ലിനെ വേറിട്ടു ചിന്തിപ്പിച്ചത്. ഒരു ബാച്ചിൽ പരമാവധി 30 പേർക്കാണ് പ്രവേശനം.
റെഡ്ലാൻഡ്സിൽ നിന്നു പരിശീലനം നേടിയ 2 താരങ്ങൾ ഇക്കഴിഞ്ഞ വർഷം ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. അണ്ടർ 17 ദേശീയ കിരീടം നേടിയ ടീമിലെ ഒരംഗം റെഡ്ലാൻഡ്സിൽ നിന്നാണ്. അണ്ടർ 19 ദേശീയ സ്കൂൾ ടീമിൽ 2 താരങ്ങളും അണ്ടർ 14 ടീമിൽ ഒരു താരവും ഇടംനേടി. റെഡ്ലാൻഡ്സിൽ പരിശീലനം നേടിയ 9 താരങ്ങൾ വിവിധ സർവകലാശാല ടീമുകളിൽ ഇക്കഴിഞ്ഞ വർഷം കളിച്ചു.
Manorama Sports Club Award 2023.