പഞ്ചാബ് ബാറ്റര്‍മാരെ വലച്ച ലൈനും ലെങ്തും... ജോണി ബെയര്‍സ്റ്റോ പോലും പതറിയ അക്രമണോത്സുകത...പഞ്ചാബിന്‍റെ വിജയ പ്രതിക്ഷകളെ കാറ്റില്‍ പറത്തിയ പ്രകടനം...ഇരു ടീമുകളുടെയും ഡഗൗട്ടുകളെ വിസ്മയിപ്പിച്ച കൈക്കരുത്ത്...കന്നി മത്സരത്തില്‍ തന്നെ റെക്കോഡുകള്‍ കഴപുടക്കി പ്ലെയര്‍ ഓഫ് ദ മാച്ച് സ്വന്തമാക്കിയ പ്രകടനം... ഇന്നലെ പഞ്ചാബില്‍ നടന്ന ലഖ്നൗ പഞ്ചാബ് മത്സരത്തില്‍ ഏവരെയും അമ്പരപ്പിച്ച പ്രകടനമായിരുന്നു 21 കാരനായ മായങ്ക് യാദവ് പുറത്തെടുത്തത്.
പതിനൊന്നാം ഓവറില്‍ ശിഖര്‍ ധവാന് നേരെയെറിഞ്ഞ ബോള്‍ ഒന്ന് മാത്രം മതി ഈ വലംകൈയ്യന്‍ പേസ് ബോളറുടെ കരുത്ത് മനസിലാക്കാന്‍. ശിഖര്‍ ധവാനെപ്പൊലെ പരിചയ സമ്പന്നനായ പ്ലെയര്‍ പോലും പകച്ചു നിന്നുപോയ ഡെലിവറിയായിരുന്നു പതിനൊന്നാം ഔവറിലെ ആദ്യ പന്ത്.പന്തിന്‍റെ വേഗം മണിക്കൂറില്‍ 155.8 കിലോമീറ്റര്‍.
ഈ സീസണിലെ ഏറ്റവും വേഗമേറിയ ബോള്‍. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ അഞ്ച് ബൗളര്‍മാരുടെ പട്ടികയിലും താരം ഇന്നലത്തെ ഒറ്റ പ്രകടനം കൊണ്ട് ഇടംപിടിച്ചു. മത്സരത്തിനു മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ നാലായിരം ഫോളോവേഴ്സ് മാത്രമുണ്ടായിരുന്ന താരത്തെ ഇപ്പോള്‍ ഫോളോ ചെയ്യുന്നത് 72000 പേര്‍. 27 റണ്‍സ് വഴങ്ങി 3 വിക്കറ്റ് നേടിയ പ്രകടനം താരത്തിനെ പ്ലെയര്‍ ഓഫ് ദ മാച്ച് അവാര്‍ഡും നേടിക്കൊടുത്തു. ഈ 21 കാരന്‍റെ തോളേറി ലഖ്നൗ സ്വന്തമാക്കിയത് ഈ സീസണിലെ ആദ്യ വിജയം.
2002 ജൂണ്‍ 17 നാണ് മായങ്ക് യാദവ് ജനിച്ചത്. ഡല്‍ഹി സ്വദേശിയായ താരം കഴിഞ്ഞ സീസണില്‍ തന്നെ ടീമില്‍ ഇടംപിടിച്ചിരുന്നെങ്കിലും പരിക്കു കാരണം പുറത്തിരിക്കേണ്ടി വന്നു. എന്നാല്‍ മായങ്ക് യാദവ് എന്ന പേസറെ പിടിച്ചുകെട്ടാനോ ഉള്ളിലെ തീ കെടുത്താനോ ആ പരിക്കിനായില്ല. ഈ സീസണില്‍ താന്‍ ആരാണെന്നും തന്‍റെ പേസ് ബൗളിങ് മികവ് എന്തെന്നും താരം കാട്ടിത്തന്നു.
കന്നി മത്സരത്തിനിറങ്ങിയ പതര്‍ച്ചെയാന്നുമില്ലാതെയായിരുന്നു ഇന്നലെ മായങ്ക് യാദവ് പഞ്ചാബിനെ നേരിട്ടത്. ലഖ്‌നൗ ഉയര്‍ത്തിയ 200 റണ്‍സ് എന്ന വിജയലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബിന്റെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178-ല്‍ അവസാനിക്കുകയായിരുന്നു.
ഒന്നാം വിക്കറ്റില്‍ 11.4 ഓവറില്‍ 102 റണ്‍സ് സ്‌കോര്‍ ചെയ്തു മികച്ച തുടക്കം നേടിയ പഞ്ചാബിനെ പിടിച്ചുകെട്ടുന്നതില്‍ നിര്‍ണായക പങ്കാണ് മായങ്ക് വഹിച്ചത്. 29 പന്തില്‍ നിന്ന് മൂന്നു വീതം സിക്‌സും ഫോറും സഹിതം 42 റണ്‍സ് നേടിയ ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയെ മാര്‍ക്കോ സ്റ്റോയ്നിസിന്‍റെ കൈകകളിലെത്തിച്ചാണ് മായങ്ക് വിജയത്തിന് അടിത്തറപാകിയത്. അക്രമകാരിയായി മാറിക്കൊണ്ടിരുന്ന ബെയര്‍സ്റ്റോയെ അളന്നു മുറിച്ച ലൈനും ലെങ്തും കൊണ്ട് മായങ്ക് വീഴ്ത്തി. മികച്ച സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്തിരുന്ന പ്രഭ്‌സിമ്രാന്‍ സിങിനെയും പിന്നാലെയെത്തിയ ജിതേഷ് സിങ്ങിനെയും ഈ വലം കൈയ്യന്‍ പേസ് ബൗളര്‍ കൂടാരം കയറ്റി.
ഭാവിയില്‍ ഇന്ത്യന്‍ പേസ് ബൗളിങ്ങ് നിരയ്ക്ക് ഈ 21 കാരന്‍ മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. താരത്തെ ഇന്ത്യന്‍ ജഴ്സിയില്‍ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്തായാലും മായങ്ക് യാദവ് എന്ന കുന്തമുനയുടെ മൂര്‍ച്ച എന്തെന്നും ഈ 21 കാരന് മുന്നില്‍ തകര്‍ന്നു വീഴുന്ന റെക്കോഡുകള്‍ എന്തൊക്കെയെന്നും കാത്തിരുന്നു കാണാം.
Mayank Yadav Became Fastest Bowler Of IPL